തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ കളിക്കാര്‍ നല്‍കിയ കത്തില്‍ കെ.സി.എയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സഞ്ജു വി സാംസണ്‍. കത്ത് പുറത്തായതില്‍ വിഷമമുണ്ടെന്നും ടീമിനകത്ത് നടന്ന ചര്‍ച്ച എങ്ങിനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും സഞ്ജു പറഞ്ഞു. സച്ചിന്‍ ബേബിയെ മാറ്റിയാല്‍ പകരം ക്യാപ്റ്റനാകുമോ എന്ന ചോദ്യത്തിന് സഞ്ജു പ്രതികരിച്ചില്ല.

രണ്ടു വര്‍ഷം മുന്‍പ് അച്ചടക്ക നടപടി നേരിടേണ്ടി വന്ന കാലമായിരുന്നു ജീവിത്തതിലെ ഏറ്റവും പരീക്ഷണ ഘട്ടം. ആ സമയത്ത് കേരളം വിട്ടു പോയാലോയെന്നും പോലും തോന്നി. പ്രശ്‌നങ്ങള്‍ തരണം ചെയ്ത് മുന്നോട്ടുപോകണമെന്ന് പിന്നീട് മനസ്സിലായെന്നും സഞ്ജു വ്യക്തമാക്കി.

തിരുവനന്തപുരം പേരൂര്‍ക്കട ഗേള്‍സ് എച്ച്എസ്എസ് സ്‌കൂളിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുഴുവന്‍ എ പ്ലസ് നേടിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിനന്ദിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു സഞ്ജു.

Read More: മെരിറ്റ് ഡേ ആഘോഷമാക്കി വിദ്യാര്‍ഥികള്‍; ആവേശം പകര്‍ന്ന് സഞ്ജുവും

സച്ചിന്‍ ബേബിയെ നായക സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യപ്പെട്ട് ടീമംഗങ്ങള്‍ ജൂലായില്‍ കെ.സി.എയ്ക്ക് കത്തയച്ചിരുന്നു. സച്ചിന്‍ ബേബിയുടെ മോശം പെരുമാറ്റം കൊണ്ട് പല യുവതാരങ്ങളും മറ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്നുണ്ടെന്നും സച്ചിന്‍ നായകനായി തുടര്‍ന്നാല്‍ കേരള ക്രിക്കറ്റിന്‌ ഭാവിയില്‍ വിജയങ്ങള്‍ നേടാനാകില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ് കേരള ക്രിക്കറ്റ് ടീം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കടന്നത്. കഴിഞ്ഞ രഞ്ജി സീസണിലായിരുന്നു അത്. 

Read More: 'അഹങ്കാരിയും സ്വാര്‍ത്ഥനുമായ സച്ചിന്‍ ബേബിയെ മാറ്റണം'-കേരള ടീമില്‍ പൊട്ടിത്തെറി

Content Highlights: Sanju V Samson On Letter Agianst Sachin Baby Kerala Cricket