തിരുവനന്തപുരം: മുസ്താഫിസുര്‍ റഹ്മാനും ഷാകിബ് അല്‍ ഹസനും ഉള്‍പ്പെടെയുള്ള ബംഗ്ലാദേശിന്റെ ഇടംകൈയന്‍ ബൗളര്‍മാരെ നേരിടാന്‍ പ്രത്യേക പരിശീലനവുമായി സഞ്ജു വി. സാംസണ്‍. ബംഗ്ലാദേശിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞദിവസം സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ബിജു ജോര്‍ജിന്റെ കീഴിലാണ് സഞ്ജു വെള്ളിയാഴ്ച പരിശീലത്തിനിറങ്ങിയത്. നെറ്റ്സില്‍ പന്തെറിയാന്‍ അഞ്ച് ഇടംകൈയന്‍ ബൗളര്‍മാരുണ്ടായിരുന്നു. ഫീല്‍ഡിങ്ങിലും പ്രത്യേക പരിശീലനം നേടി.

പ്രതീക്ഷയോടെ ബിജു ജോര്‍ജ്

ബംഗ്ലാദേശിനെതിരായ ട്വന്റി-20 സഞ്ജുവിന് കളിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകന്‍ ബിജു ജോര്‍ജ്. ''സഞ്ജു മികച്ച ഫോമിലാണ്. ഏതു ഫോര്‍മാറ്റിലും കളിക്കാന്‍ പറ്റുന്ന സ്ഥിരത ഇപ്പോഴുണ്ട്. ഇത്രയും മികച്ച ഹാന്‍ഡ് ഐ കോമ്പിനേഷന്‍ ഉള്ള യുവതാരം വേറെയില്ല. അവസരം കിട്ടിയാല്‍ അത് പ്രയോജനപ്പെടുത്താനാകും.''-ബിജു ജോര്‍ജ് പറഞ്ഞു.

Content Highlights: Sanju V Samson India vs Bangladesh Cricket Series