പുതിയ ഐ.പി.എല്‍ സീസണില്‍ തങ്ങളുടെ ടീമിനെ നയിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റ് മലയാളി താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തതിന്റെ ത്രില്ലിലാണ് മലയാളികള്‍. ഇതാദ്യമായാണ് ഒരു ഐ.പി.എല്‍ ടീമിന്റെ നായക സ്ഥാനത്തേക്ക് ഒരു മലയാളി താരമെത്തുന്നത്.
നിലവിലെ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ഐ.പി.എല്‍ പതിനാലാം സീസണ്‍ താരലേലത്തിന് മുന്നോടിയായി റിലീസ് ചെയ്തുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ ക്യാപ്റ്റനാക്കിയ തീരുമാനം അറിയിച്ചത്.
കഴിഞ്ഞ സീസണില്‍ റോയല്‍സിനായി 14 ഇന്നിങ്‌സുകളില്‍ നിന്നായി 375 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.
സഞ്ജു ടീമിന്റെ നായകനാകുന്നതോടെ കൂടുതല്‍ മലയാളി താരങ്ങള്‍ ഐ.പി.എല്‍ കളിക്കുമോ എന്ന കാര്യമാണ് കേരളം ഉറ്റുനോക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ച സഞ്ജുവിന് മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുള്ള തന്റെ ടീമിലെ മിന്നും താരങ്ങളെ കുറിച്ച് നന്നായി അറിയാമെന്നതാണ് ഈ ആകാംക്ഷയ്ക്ക് കാരണവും.
സയ്യിദ് മുഷാതാഖ് അലി ട്രോഫിയില്‍ തിളങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ തന്നെയാണ് ഇത്തവണ ഐ.പി.എല്ലിലേക്ക് വിളി കാത്തിരിക്കുന്ന കേരളത്തിലെ പ്രധാന താരം. മുംബൈക്കെതിരായ മത്സരത്തില്‍ വെറും 54 പന്തില്‍ നിന്ന് 137 റണ്‍സടിച്ച അസ്ഹറുദ്ദീന്റെ പ്രകടനം വിവിധ ഐപിഎല്‍ ടീമുകളുടെ റഡാറില്‍ പതിഞ്ഞിട്ടുണ്ട്.
ഡല്‍ഹിക്കെതിരേ 38 പന്തില്‍ നിന്ന് അഞ്ചു സിക്‌സും മൂന്നു ഫോറുമടക്കം 71 റണ്‍സടിച്ച് കേരളത്തിന്റെ വിജത്തില്‍ നിര്‍ണായക സാന്നിധ്യമായ വിഷ്ണു വിനോദാണ് മറ്റൊരു താരം.
ആന്ധ്രയ്‌ക്കെതിരെയും ഹരിയാനക്കെതിരെയും അര്‍ധ സെഞ്ചുറി നേടിയ സച്ചിന്‍ ബേബിയും മികച്ച ഫോമിലാണെന്ന് തെളിയിച്ചിട്ടുണ്ട്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളത്തിലിറങ്ങിയതിന്റെ അനുഭവസമ്പത്തും സച്ചിന് കൂട്ടായുണ്ട്.
അതേസമയം ശ്രീശാന്ത് ഇനിയൊരു ഐ.പി.എല്‍ സീസണില്‍ കളിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. വിലക്ക് മാറി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി കളിച്ച ശ്രീ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ സഞ്ജുവിന് രാഹുല്‍ ദ്രാവിഡടക്കമുള്ള താരങ്ങളുടെ പിന്തുണയും ഉപദേശവും സഹായകമായിട്ടുണ്ട്. യുവ താരങ്ങള്‍ക്ക് അവസരമൊരുക്കുന്നു അവരുടെ ശൈലി സഞ്ജുവും പിന്തുടരുമോ എന്ന് കാത്തിരുന്ന് കാണാം.
Content Highlights: Sanju Samson to lead Rajasthan Royals Will Malayalee players get chance