ബെംഗളൂരു: ബാറ്റുകൊണ്ട് ചെയ്യാനുള്ളതെല്ലാം സഞ്ജു സാംസണ്‍ ചെയ്തുകഴിഞ്ഞു. ഇന്ത്യന്‍ സെലക്ടര്‍മാരേ, ഇനിയെല്ലാം നിങ്ങളുടെ കൈയില്‍.

വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ സഞ്ജു സാംസന്റെ റെക്കോഡ് ഡബിള്‍ സെഞ്ചുറിയില്‍ (129 പന്തില്‍ 212*) കേരളം ഗോവയെ 104 റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യയിലെ ലിസ്റ്റ് എ ക്രിക്കറ്റില്‍ (ആഭ്യന്തര ഏകദിന മത്സരങ്ങള്‍) ഉയര്‍ന്ന സ്‌കോറുമായി സഞ്ജു സാംസണ്‍ ചരിത്രം കുറിച്ചപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (135 പന്തില്‍ 127) അതിന് പിന്തുണയേകി.

സ്‌കോര്‍: കേരളം 50 ഓവറില്‍ മൂന്നിന് 377, ഗോവ: 50 ഓവറില്‍ എട്ടിന് 273. വിജയ് ഹസാരെ സീസണില്‍, ആറുമത്സരം കളിച്ച കേരളത്തിന്റെ മൂന്നാം ജയമാണിത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാല്‍ നോക്കൗട്ട് സാധ്യതയുണ്ട്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ നായകന്‍ റോബിന്‍ ഉത്തപ്പ 15 പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. പന്ത് കൈകൊണ്ട് തടഞ്ഞതിന് ഔട്ട് (ഒബ്സ്ട്രക്റ്റിങ് ദി ഫീല്‍ഡ്) നല്‍കുകയായിരുന്നു. മികച്ചഫോമിലുള്ള വിഷ്ണു വിനോദും (7) മടങ്ങിയതോടെ രണ്ടിന് 31 എന്നനിലയിലായി.

ഇവിടെവെച്ച് ഒത്തുചേര്‍ന്ന സഞ്ജു - സച്ചിന്‍ സഖ്യം മൂന്നാം വിക്കറ്റില്‍ 248 പന്തില്‍ 338 റണ്‍സടിച്ച് ചരിത്രം കുറിച്ചു. 30 പന്തില്‍ 52 റണ്‍സടിച്ച സഞ്ജു 66 പന്തില്‍ സെഞ്ചുറിയും 99 പന്തില്‍ 150 റണ്‍സും തികച്ചു. 125 പന്തില്‍ ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കി. 21 ബൗണ്ടറിയും 10 സിക്‌സും അടങ്ങിയതാണ് ഇന്നിങ്സ്. ഏഴ് ബൗണ്ടറിയും നാലു സിക്‌സും അടക്കം 127 റണ്‍സടിച്ച സച്ചിന്‍ അവസാന ഓവറിലെ ആദ്യപന്തില്‍ മടങ്ങി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ (ആഭ്യന്തര ടെസ്റ്റ് മത്സരങ്ങള്‍) നേരത്തേ ഒമ്പതു സെഞ്ചുറിയും ട്വന്റി 20-യില്‍ രണ്ടു സെഞ്ചുറിയും നേടിയ സഞ്ജു ഇതാദ്യമായാണ് ലിസ്റ്റ് എ-യില്‍ നൂറുകടക്കുന്നത്. അത് ഇരട്ടസെഞ്ചുറിയാക്കി മാറ്റാനായി. കരിയറിലെ ഉയര്‍ന്ന സ്‌കോറും ഇതാണ്. 2015 സിംബാബ്വെക്കെതിരായ ട്വന്റി 20-യിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സഞ്ജുവിന് അതിനുശേഷം ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടിയില്ല. വീണ്ടും ടീമിലെടുക്കണമെന്ന ആവശ്യങ്ങള്‍ക്കിടേയാണ് ഈ നിര്‍ണായക ഇന്നിങ്‌സ്.

സഞ്ജു മറികടന്ന റെക്കോഡുകള്‍...

ഇന്ത്യയിലെ ആഭ്യന്തര ലിസ്റ്റ് എ ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍. വിജയ് ഹസാരെ ടൂര്‍ണമെന്റിലെ കഴിഞ്ഞ സീസണില്‍ ഉത്തരാഖണ്ഡിന്റെ കരണ്‍ കൗശല്‍ നേടിയ 202 റണ്‍സ് മറികടന്നു.

ലോകത്ത് ലിസ്റ്റ് എ-യില്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. പാകിസ്താന്റെ ആബിദ് അലി 2018-ല്‍ കുറിച്ച 209 റണ്‍സ് മറികടന്നു.

ഇരട്ടസെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യക്കാരന്‍. ഇതില്‍ അഞ്ച് ഇരട്ടസെഞ്ചുറികള്‍ (രോഹിത് ശര്‍മ 3, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്) അന്താരാഷ്ട്ര ഏകദിനത്തിലായിരുന്നു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ശിഖര്‍ ധവാനും (248) വിജയ് ഹസാരെയില്‍ കരണ്‍ കൗശലും (202) ഇരട്ടസെഞ്ചുറി നേടി.

ഇന്ത്യക്കാരുടെ അതിവേഗ ഇരട്ടസെഞ്ചുറിയും (125 പന്തില്‍ 200) സഞ്ജുവിന്റെ പേരിലായി. ലോകത്ത് അതിവേഗത്തിലുള്ള രണ്ടാമത്തെ ഡബിള്‍. (ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് 120 പന്തില്‍ 200 തികച്ചിരുന്നു).

മൂന്നാമനായി ബാറ്റിങ്ങിനിറങ്ങി ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി. മറ്റ് അഞ്ചുപേരും ഓപ്പണര്‍മാരായിരിക്കേയാണ് 200 തികച്ചത്.

സഞ്ജു സാംസണും സച്ചിന്‍ ബേബിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കുറിച്ചത് 338 റണ്‍സ്. ലിസ്റ്റ് എ ചരിത്രത്തില്‍ മൂന്നാം വിക്കറ്റിലെ ഉയര്‍ന്ന സ്‌കോറാണിത്.

എല്ലാ വിക്കറ്റിലും ചേര്‍ന്ന് ഇന്ത്യന്‍ സഖ്യത്തിന്റെ ഏറ്റവുമുയര്‍ന്ന റണ്‍സും ഇതാണ്. സച്ചിന്‍-രാഹുല്‍ ദ്രാവിഡ് സഖ്യം 1999-ല്‍ ന്യൂസീലന്‍ഡിനെതിരേ രണ്ടാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് (331 റണ്‍സ്) മറികടന്നു.

Content Highlights: Sanju Samson strengthened his claim for the wicketkeeper’s role in the national side