Photo: twitter.com
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണ് സോഷ്യല്‍ മീഡയയിലെങ്ങും അഭിനന്ദന പ്രവാഹമാണ്. മത്സരത്തില്‍ ബാറ്റ് കൊണ്ട് കാര്യമൊയെന്നും ചെയ്യാനായില്ലെങ്കിലും നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റിനു പിന്നില്‍ സഞ്ജുവിന്റെ ഒരു ഇടപെടലാണ് മത്സരം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
309 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇന്ത്യയ്‌ക്കെതിരേ പതറാതെയാണ് വിന്‍ഡീസ് ബാറ്റ് ചെയ്തത്. ഒടുവില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സെന്ന ഘട്ടം വരെ അവരെത്തി. എന്നാല്‍ ആ ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് സിറാജ് ഇന്ത്യയെ രക്ഷിച്ചെടുക്കുകയായിരുന്നു.
എന്നാല്‍ ഈ ഓവറിലെ സിറാജിന്റെ ഒരു പിഴവ് ഇന്ത്യയ്ക്ക് മത്സരം തന്നെ നഷ്ടപ്പെടുത്താന്‍ പോന്നതായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ സമയോജിതമായ ഒരു ഇടപെടലാണ് ഇന്ത്യയ്ക്ക് രക്ഷയായത്. സിറാജ് എറിഞ്ഞ അവസാന ഓവറിലെ ബൗണ്ടറിയെന്ന് ഉറപ്പിച്ച ഒരു വൈഡ് മുഴുനീള ഡൈവിലൂടെ സഞ്ജു തടുത്തിടുകയായിരുന്നു. വിന്‍ഡീസിന്റെ ഉറച്ച ഒരു ബൗണ്ടറിയാണ് സഞ്ജു തടഞ്ഞിട്ടത്. വെറും മൂന്ന് റണ്‍സിനാണ് ഇന്ത്യ ജയിച്ചതെന്നറിയുമ്പോഴാണ് താരത്തിന്റെ ആ രക്ഷപ്പെടുത്തലിന്റെ വിലയറിയുക. ആകാശ് ചോപ്രയടക്കമുള്ള മുന്‍താരങ്ങള്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
ഏഴാം വിക്കറ്റില്‍ ഒന്നിച്ച അകീല്‍ ഹുസൈന്‍ - റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട് ക്രീസിലുള്ളപ്പോഴാണ് സിറാജ് അവസാന ഓവര്‍ എറിയാനെത്തുന്നത്. ആദ്യ പന്തില്‍ അകീല്‍ ഹുസൈന് റണ്ണൊന്നും നേടാനായില്ല. രണ്ടാം പന്തില്‍ ലെഗ്‌ബൈയിലൂടെ ഒരു റണ്‍. മൂന്നാം പന്തില്‍ സ്‌ട്രൈക്ക് കിട്ടിയ റൊമാരിയോ ഷെപ്പേര്‍ഡ് പന്ത് ബൗണ്ടറി കടത്തി. നാലാം പന്തില്‍ ഷെപ്പേര്‍ഡ് രണ്ടു റണ്‍സെടുത്തു. ഇതോടെ അവസാന രണ്ടു പന്തില്‍ വിജയത്തിലേക്ക് എട്ടു റണ്‍സ് എന്ന നിലയിലായി. ഇതിനു പിന്നാലെയെറിഞ്ഞ പന്തിലായിരുന്നു സഞ്ജു ടീമിന്റെ രക്ഷകനായത്. സിറാജ്, ഷെപ്പേര്‍ഡിനെതിരേ എറിഞ്ഞ പന്ത് ലെഗ് സൈഡിലൂടെ ഏറെ വൈഡായി പുറത്തേക്ക്. ഈ പന്ത് ബൗണ്ടറിയാകുമെന്ന് എല്ലാവരും ഉറപ്പിച്ച ഘട്ടത്തിലാണ് ഒരു മുഴുനീള ഡൈവിലൂടെ സഞ്ജു പന്ത് തടഞ്ഞിട്ടത്. ഈ പന്തില്‍ പക്ഷേ വിന്‍ഡീസ് റണ്ണൊന്നും ഓടിയെടുത്തില്ല. വീണ്ടുമെറിഞ്ഞ അഞ്ചാം പന്തിലും ഷെപ്പേര്‍ഡ് ഡബിളെടുത്തു. ഇതോടെ അവസാന പന്തില്‍ വിജയത്തിലേക്ക് അഞ്ച് റണ്‍സ്. എന്നാല്‍ അവസാന പന്തും ഷെപ്പേര്‍ഡിനെ കബളിപ്പിച്ച് സഞ്ജുവിന്റെ പക്കലേക്ക്. തില്‍ ബൈ ആയി ലഭിച്ച ഒരു റണ്ണോടെ വിന്‍ഡീസിന്റെ പോരാട്ടം 305 റണ്‍സിലൊതുങ്ങി.
Content Highlights: Sanju Samson Saves A Crucial Boundary In The Final Over To Help India
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..