Photo: AFP
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റെടുത്തപ്പോഴും വിക്കറ്റിന് പിന്നില്‍ നിന്നപ്പോഴും സഞ്ജു ഒരുപോലെ തിളങ്ങി.
ആദ്യ ഏകദിനത്തില്‍ മികച്ച ഡൈവിലൂടെ നാല് റണ്‍സ് തടഞ്ഞ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ്ങും അര്‍ധസെഞ്ചുറി നേടിയ ബാറ്റിങ്ങുമെല്ലാം ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.
മൂന്നാം ഏകദിനത്തിലും സഞ്ജു വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ബൗളര്‍മാര്‍ക്ക് വേണ്ടവിധത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സഞ്ജു മറന്നില്ല. അത്തരത്തിലൊരു രസകരമായ സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റുചെയ്യുന്നതിനിടെ മൂന്നാം ഓവറിലാണ് സംഭവം അരങ്ങേറിയത്.
മൂന്നാം ഓവര്‍ ചെയ്ത അക്ഷര്‍ പട്ടേലിന്റെ ഒരു പന്ത് ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയി. പന്തില്‍ ഡ്രൈവ് ചെയ്ത ഹോപിന്റെ ഷോട്ട് കവര്‍പോയന്റിനടുത്തുള്ള ഫീല്‍ഡറിനടുത്തേക്ക് പോയി. ഇത് ശ്രദ്ധയില്‍പ്പെട്ട സഞ്ജു വിക്കറ്റിലേക്ക് പന്തെറിയാനായി അക്ഷറിനോട് ആവശ്യപ്പെട്ടു. ഹിന്ദിയിലാണ് സഞ്ജു അക്ഷറിനോട് സംസാരിച്ചത്. ഹോപ്പിന് ഇത് മനസ്സിലായില്ല. സഞ്ജു പറഞ്ഞ പ്രകാരം അക്ഷര്‍ വിക്കറ്റിലേക്ക് പന്തെറിഞ്ഞു. പ്രതിരോധിക്കാന്‍ ശ്രമിച്ച ഹോപ്പിന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി സ്ലിപ്പിലുള്ള ധവാന്റെ അടുത്തേക്ക് നീങ്ങി. ബുദ്ധിമുട്ടേറിയ ക്യാച്ച് എന്നാല്‍ ധവാന് കൈയ്യിലൊതുക്കാനായില്ല.
വിക്കറ്റ് നേടാനായില്ലെങ്കിലും സഞ്ജുവിന്റെ ഉപദേശം കൃത്യമായി ഫലം ചെയ്തു. ആദ്യ ഏകദിനത്തില്‍ സഞ്ജു വിക്കറ്റിന് പിന്നില്‍ മുഹമ്മദ് സിറാജിന്റെ വൈഡ് കൈയ്യിലൊതുക്കി നാല് റണ്‍സ് രക്ഷപ്പെടുത്തി താരമായിരുന്നു. മത്സരത്തില്‍ സഞ്ജു പന്ത് കൈയ്യിലാക്കിയിരുന്നില്ലെങ്കില്‍ വിന്‍ഡീസ് വിജയം സ്വന്തമാക്കിയേനേ. രണ്ടാം ഏകദിനത്തിലും സഞ്ജു സമാനമായ സേവ് നടത്തുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..