കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആശ്വാസ വിജയവുമായി ശ്രീലങ്ക. 226 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 48 പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. 76 റണ്‍സെടുത്ത അവിശ്ക ഫെര്‍ണാണ്ടോയും 65 റണ്‍സ് അടിച്ച ഭാനുക രാജപക്‌സയുമാണ് ലങ്കയുടെ വിജയശില്‍പികള്‍. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. 

രണ്ടാം വിക്കറ്റില്‍ ഭാനുകയും അവിശ്കയും ചേര്‍ന്ന് 109 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അവിശ്ക 98 പന്തില്‍ നാല് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് 76 റണ്‍സ് നേടിയത്. 56 പന്തില്‍ നിന്നായിരുന്നു ഭാനുകയുടെ 65 റണ്‍സ്. 12 ഫോറുകളാണ് താരം നേടിയത്. ഇന്ത്യക്കായി രാഹുല്‍ ചാഹര്‍ മൂന്നും ചേതന്‍ സക്കറിയ രണ്ടും വിക്കറ്റ് വീഴ്ത്തി.

മഴമൂലം 47 ഓവറായി പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 28 റണ്‍സിലെത്തിയപ്പോഴേക്കും ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടപ്പെട്ടു. ദുഷ്മന്ത ചമീരയ്്ക്കാണ് വിക്കറ്റ്. പിന്നാലെ പൃഥ്വി ഷായും ക്രീസ് വിട്ടു. 49 പന്തില്‍ 49 റണ്‍സെടുത്ത് മികച്ച പ്രകടനം പുറത്തെടുത്ത, അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ ശ്രീലങ്കന്‍ നായകന്‍ ശനക വിക്കറ്റിന് മുന്നില്‍ കുരുക്കി. 

അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണെ പ്രവീണ്‍ ജയവിക്രമ പുറത്താക്കി. 46 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 46 റണ്‍സെടുത്ത സഞ്ജുവിന് അര്‍ധ സെഞ്ചുറിയില്‍ എത്താനായില്ല. ബൗണ്ടറിയിലൂടെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടാനുള്ള സഞ്ജുവിന്റെ ശ്രമം പാളി. പന്ത് ആവിഷ്‌ക ഫെര്‍ണാണ്ടോ കൈയ്യിലൊതുക്കി. 

പിന്നാലെ മഴ കളി തടസ്സപ്പെടുത്തി. 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലെത്തിയപ്പോഴാണ് മഴ പെയ്തത്. മത്സരം പുനരാരംഭിച്ച ശേഷം ഇന്ത്യക്ക് ആദ്യം നഷ്ടമായത് മനീഷ് പാണ്ഡെയുടെ വിക്കറ്റാണ്. 19 പന്തില്‍ 11 റണ്‍സായിരുന്നു മനീഷ് പാണ്ഡെയുടെ സമ്പാദ്യം. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും ക്രീസ് വിട്ടു. 17 പന്തില്‍ 19 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ഇരുവരേയും പ്രവീണ്‍ ജയവിക്രമ പുറത്താക്കുകയായിരുന്നു. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സൂര്യകുമാറിനെ അകില ധനഞ്ജയ കുരുക്കുകയായിരുന്നു. 37 പന്തില്‍ ഏഴ് ഫോറിന്റെ സഹായത്തോടെ 40 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 

മൂന്നു പന്ത് മാത്രം നേരിട്ട കൃഷ്ണപ്പ ഗൗതമിനെ അകില ധനഞ്ജയ പുറത്താക്കി. നിധീഷ് റാണയ്ക്കും അധികം ആയുസുണ്ടായില്ല. ഏഴ് റണ്‍സായിരുന്നു സമ്പാദ്യം. രാഹുല്‍ ചാഹര്‍ 13 റണ്‍സെടുത്ത് പുറത്തയാപ്പോള്‍ നവദീപ് സയ്നി 15 റണ്‍സിന് ക്രീസ് വിട്ടു. ശ്രീലങ്കയ്ക്കായി അകില ധനഞ്ജയയും പ്രവീണ്‍ ജയവിക്രമയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. 

മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ അഞ്ചു താരങ്ങളാണ് ഇന്ത്യന്‍ ജഴ്സിയില്‍ ഇന്ന് അരങ്ങേറിയത്. ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, നിതീഷ് റാണ എന്നിവര്‍ സ്ഞ്ജുവിനൊപ്പം ഏകദിനത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങി. 

ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ പരിക്കിനെ തുടര്‍ന്ന് സഞ്ജുവിന് നഷ്ടമാകുകയായിരുന്നു. ഇഷാന്‍ കിഷന് പകരമാണ് താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മൂന്നാം ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു നേരത്തേ ട്വന്റി 20 മത്സരം കളിച്ചിട്ടുണ്ട്. ശ്രീശാന്തിനുശേഷം ഏകദിനത്തില്‍ കളിക്കുന്ന മലയാളിതാരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.

Content Highlights: Sanju Samson playing his first ODI for India, India vs Srilanka