ബെംഗളൂരു: ബി.സി.സി.ഐയുടെ കായികക്ഷമത പരിശോധിക്കുന്ന 'യോയോ ടെസ്റ്റ്' പാസായി മലയാളി താരം സഞ്ജു സാംസണ്‍. സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇനി വിജയ ഹസാരേ ട്രോഫിക്കുള്ള തയ്യാറെടുപ്പാണെന്നും സഞ്ജു വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം സഞ്ജു അടക്കമുളള താരങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമായുള്ള 2 കിലോമീറ്റര്‍ 'ഓട്ടപരീക്ഷ'യില്‍ പരാജയപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാട്ടിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയ്ദേവ് ഉനദ്കട്ട് എന്നിവരാണ് ആദ്യ അവസരത്തില്‍ പരാജയപ്പെട്ടത്. 

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ഫിറ്റ്‌നസ് ടെസ്റ്റ്. തുടര്‍ന്ന് രണ്ടാമത്തെ അവസരത്തിലാണ് സഞ്ജു ടെസ്റ്റ് പാസായത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയത്.

Content Highlights: sanju samson passed bcci fitness test