Photo: PTI
ന്യൂഡല്‍ഹി: 'ഇന്ത്യയൊട്ടുക്ക് സഞ്ജു സാംസണ് ഇത്രയും ആരാധകരുണ്ടായതില്‍ അതിശയമില്ല, സഞ്ജുവിനോട് അനീതി കാണിച്ച് ബിസിസിഐ ഈ രാജ്യത്തെ മുഴുവന്‍ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റിയതാണ്', കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഒരു ആരാധകന് ട്വിറ്ററില്‍ കുറിച്ചതാണിത്.
അയര്‍ലന്‍ഡിനെതിരേ ദിവസങ്ങള്‍ക്ക് മുമ്പ് ലഭിച്ച ഒരേയൊരു അവസരത്തില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. അതും കളിപ്പിക്കുമോ എന്ന് ഉറപ്പില്ല. ബിസിസിഐയുടെ ഈ തീരുമാനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ആരാധകരുടെ രോഷമാണ്. ഈ അനീതി ഇനി സഹിച്ച് നില്‍ക്കരുതെന്നും വിരമിച്ച് ഇംഗ്ലണ്ടിനു വേണ്ടിയോ ഓസ്ട്രേലിയക്ക് വേണ്ടിയോ കളിക്കണമെന്നും വരെ സഞ്ജുവിനോട് ആരാധകര്‍ പറയുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരേ മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഒരു പരമ്പരയില്‍ പോലും സഞ്ജുവിന് പൂര്‍ണമായും അവസരം നല്‍കാത്ത ബിസിസിഐ നടപടിക്കെതിരെയാണ് ആരാധകരുടെ രോഷം. പരമ്പരയിലെ രണ്ട്, മൂന്ന് ട്വന്റി 20-കളില്‍ വിരാട് കോലിയും ഋഷഭ് പന്തും ശ്രേയസ് അയ്യരും മടങ്ങിയെത്തുകയും ചെയ്യും. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരമുള്ളതിനാലാണ് ഇരുവര്‍ക്കും ആദ്യ ട്വന്റി 20 നഷ്ടമാകുന്നത്.
48 മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിന് വീണ്ടും അവസരം നല്‍കുന്നതിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 2015-ല്‍ ആദ്യമായി ദേശീയ ടീം ജേഴ്സിയണിഞ്ഞ സഞ്ജു ഇതുവരെ കളിച്ചത് 14 ട്വന്റി20 മത്സരങ്ങളും ഒരു ഏകദിനവും മാത്രമാണ്. ഇതിനു മുമ്പ് നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന പരമ്പരയില്‍ പോലും സഞ്ജുവിന് ബിസിസിഐ അവസരം നല്‍കിയിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..