Photo: ANI
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ജേഴ്സിയിലേക്ക് മടങ്ങിയെത്തിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് സഞ്ജു പരിഗണനയിലുണ്ടെന്നും രോഹിത് വ്യക്തമാക്കി. ലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''സഞ്ജു കഴിവുള്ള താരമാണ്. എപ്പോഴൊക്കെ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ കാണികളെ ത്രസിപ്പിക്കുന്ന ഇന്നിങ്സ് അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. മുന്നേറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്, തീര്‍ച്ചയായും അദ്ദേഹം (ട്വന്റി 20 ലോകകപ്പ്) പരിഗണനയിലുണ്ട്.'' - രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സഞ്ജുവിന്റെ വിവിധ ഷോട്ടുകള്‍ മനോഹരമാണെന്നും രോഹിത് ചൂണ്ടിക്കാട്ടി. ലോകകപ്പ് ഓസ്ട്രേലിയയിലായതിനാല്‍ തന്നെ സഞ്ജുവിനെ പോലെ വിവിധ ഷോട്ടുകള്‍ കളിക്കുന്ന താരങ്ങളെ ആവശ്യമുണ്ടെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. ലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ സഞ്ജു ഉറപ്പായും ലോകകപ്പ് ടീമിലുണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് രോഹിത്തിന്റെ വാക്കുകള്‍.
2021 ജൂലായിലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലായിരുന്നു അതും. 2015-ല്‍ ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറിയ ശേഷം കളിച്ച 10 മത്സരങ്ങളില്‍ നിന്ന് 117 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.
Content Highlights: sanju Samson is definitely in consideration for T20 World Cup says Rohit Sharma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..