രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ കളിക്കുമോ? സഞ്ജു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മത്സരത്തിന് മുമ്പ് താരത്തിന്റെ ട്വീറ്റും ഇതേ സൂചനയാണ് നല്‍കുന്നത്. പരിശീലനത്തിനിടയിലുള്ള ചിത്രത്തോടൊപ്പം സഞ്ജു കുറിച്ചത് ഇങ്ങനെയാണ് 'ഇന്ന് മത്സരദിവസം. മുന്നോട്ടു പോകാം, കൂടുതല്‍ ശക്തിയോടെ.'

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്നാണ് കരുതുന്നത്. കെ.എല്‍ രാഹുലും ഋഷഭ് പന്തുമെല്ലാം പരാജയമായതോടെ ടീമില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ 17 പന്തില്‍ നിന്ന് 15 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. 

ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തി സഞ്ജുവിനെ ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അരങ്ങേറ്റ മത്സരത്തില്‍ പരാജയപ്പെട്ട ശിവം ദ്യൂബയ്ക്ക് ഒരു അവസരം കൂടി നല്‍കുകയാണെങ്കില്‍ സഞ്ജുവിന്റെ സെലക്ഷനെ ബാധിക്കാന്‍ സാധ്യതയുണ്ട്. സഞ്ജു ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച ഏക മത്സരം 2015-ല്‍ സിംബാബാവെയ്‌ക്കെതിരേയാണ്.

 

Content Highlights: Sanju Samson hints at possible return in playing XI India vs Bangladesh