സഞ്ജു സാംസൺ/ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന സഞ്ജു | Photo: twitter/ rajasthan royals
ഹാമില്ട്ടണ്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണെ പുറത്തിയിരുത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ ഒഴിവാക്കിയതാണ് ആരാധകരുടെ രോഷത്തിന് കാരണം. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ഉള്‍പ്പെടുത്താനാണ് സഞ്ജുവിനെ ഒഴിവാക്കിയതെന്നായിരുന്നു ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ വിശദീകരണം.
ഇതിന് പിന്നാലെ രണ്ടാം ഏകദിനത്തിന് ഇടയിലെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മഴയ്ക്കിടെ പിച്ചില്‍ കവര്‍ മൂടാനെത്തിയ ഗ്രൗണ്ട് സ്റ്റാഫിനെ സഞ്ജു സഹായിക്കുന്നതിന്റെ വീഡിയോയാണ് ഇത്. ഹാമില്ട്ടന് സെഡ്ഡന് പാര്‍ക്ക് ഗ്രൗണ്ടില്‍ കനത്ത മഴയും കാറ്റും കാരണം ഗ്രൗണ്ട് സ്റ്റാഫ് പിച്ച് മൂടാന്‍ പ്രയാസപ്പെടുമ്പോഴായിരുന്നു താരം സഹായിക്കാന്‍ ഓടിയെത്തിയത്.
ഇതിന്റെ വീഡിയോ സഞ്ജുവിന്റെ ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സഞ്ജു സാംസണ് എന്നെഴുതി ലൗ ഇമോജിയോടെയാണ് രാജസ്ഥാന് വീഡിയോ പങ്കുവെച്ചത്. സഹാനുഭൂതി എല്ലാവര്ക്കും പറഞ്ഞതല്ലെന്ന് വീഡിയോ റീട്വീറ്റ് ചെയ്ത് ഒരു ആരാധകന് കുറിച്ചു. ഇത് എത്രാമത്തെ തവണയാണ് സഞ്ജു ഹൃദയം കവരുന്നത് എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.
ഓക്ലന്ഡില് നടന്ന ആദ്യ ഏകദിനത്തില്‍ ആറാമനായി ക്രീസിലെത്തിയ സഞ്ജു 38 പന്തുകളില്‍ 36 റണ്‍സ് നേടിയിരുന്നു. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഗ്ലെന്‍ ഫിലിപ്സ് നേടിയ അത്യുഗ്രന്‍ ക്യാച്ചാണ് സഞ്ജുവിനെ പുറത്താക്കിയത്.
Content Highlights: sanju samson helps ground staff india vs new zealand cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..