തിരുവനന്തപുരം: ശനിയാഴ്ച വിവാഹിതരായ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന്റെയും ചാരുലതയുടെയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് എത്തി.
ഇന്ന് രാവിലെയായിരുന്നു സഞ്ജുവും തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയും തമ്മിലുള്ള വിവാഹം. കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
ഇതിനു പിന്നാലെ വൈകിട്ട് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ വിരുന്നിലാണ് ശിഷ്യന് ആശംസകളുമായി ദ്രാവിഡ് എത്തിയത്.
17 വയസുള്ളപ്പോള്‍ ഐ.പി.എല്‍ ക്ലബ്ബ് രാജസ്ഥാന്‍ റോയല്‍സില്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴിലാണ് സഞ്ജു കളിച്ചിരുന്നത്. പിന്നീട് പരിശീലകനായപ്പോഴും അദ്ദേഹത്തിനു കീഴില്‍ കളിക്കാന്‍ സാധിച്ചു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലും ദ്രാവിഡിന്റെ പരിശീലനത്തിലാണ് സഞ്ജു കളിച്ചത്.
മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് സഞ്ജുവും ചാരുവും പ്രണയത്തിലാകുന്നത്. തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.
തിരുവനന്തപുരം വെങ്ങാനൂരില്‍ താമസിക്കുന്ന സഞ്ജു ഡല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന്‍ സാംസണിന്റെയും ലിജിയുടെയും മകനാണ്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററുമായ ബി.രമേഷ് കുമാറിന്റെയും എല്‍.ഐ.സി. തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസിലെ പി.ആന്‍ഡ് ജി.എസ്. വിഭാഗം ഡിവിഷണല്‍ മാനേജര്‍ ആര്‍.രാജശ്രീയുടെയും മകളാണ് ചാരുലത.
Content Highlights: Sanju Samson gets married to longtime girlfriend Charulatha dravid attend the function