മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ ക്രിക്കറ്റ് മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ മലയാളി താരം സഞ്ജു വി. സാംസൺ നയിക്കും. നേരത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നമൻ ഓജയെയായിരുന്നു ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്.

സഞ്ജുവിന് പുറമെ ബി.സി.സി.എെ. പ്രഖ്യാപിച്ച ടീമിൽ രണ്ട് മലയാളികൾ കൂടിയുണ്ട്. ബാറ്റ്സ്മാൻ രോഹൻ  പ്രേമും ബൗളർ സന്ദീപ് വാര്യരും. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന ജലജ് സക്സേനയും പതിമൂന്നംഗ ടീമിലുണ്ട്.

ലങ്കക്കെതിരായ ടെസ്റ്റിന് മുമ്പ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് സന്നാഹ മത്സരം. നവംബര്‍ 11ന് കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് സന്നാഹ മത്സരം തുടങ്ങുക.

മധ്യപ്രദേശ്, കേരളം, ഹൈദരാബാദ്, പഞ്ചാബ് രഞ്ജി ടീമുകളില്‍ നിന്നാണ് ബി.സി.സി.ഐ ടീമിനെ തിരഞ്ഞെടുത്തത്. സന്നാഹ മത്സരം നടക്കുന്ന സമയത്ത് ഈ ടീമുകള്‍ക്ക് രഞ്ജി മത്സരങ്ങള്‍ ഇല്ലാത്തതാണ് ഇങ്ങിനെ തിരഞ്ഞെടുക്കാന്‍ കാരണം. 

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍: നമാന്‍ ഓജ, സഞ്ജു സാംസണ്‍, ജീവന്‍ജ്യോത് സിങ്ങ്, ബി സന്ദീപ്, തന്‍മയ് അഗര്‍വാള്‍, അഭിഷേക് ഗുപ്ത, രോഹന്‍ പ്രേം, ആകാശ് ഭണ്ഡാരി, ജലജ് സക്‌സേന, സി.വി മിലിന്ദ്, ആവേശ് ഖാന്‍, സന്ദീപ് വാര്യര്‍, രവി കിരണ്‍.

Content Highlights: Sanju Samson, Naman Ojha, Board Presidents Eleven, Srilanka, Indian Cricket, Rohan Prem, Kerala Cricket, Jalaj Saxena, Ranji Trophy