ന്ത്യന്‍ ക്രിക്കറ്റിലെ യുവപ്രതിഭകളില്‍ സഞ്ജു സാംസണ്‍ മുന്‍നിരയിലാണെന്ന് ക്രിക്കറ്റ് പണ്ഡിതരും നിരൂപകരും മാത്രമല്ല, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍വരെ പലവട്ടം സൂചിപ്പിച്ചിട്ടുണ്ട്. സമ്പന്നമായ ആഭ്യന്തര ബാറ്റിങ് പ്രതിഭകളില്‍നിന്ന് ദേശീയ ടീമിലേക്ക് കയറ്റംകിട്ടാന്‍ അത്ര എളുപ്പമല്ല. 

ഒരു സെന്‍സേഷണല്‍ സീസണോ ഒരു സെന്‍സേഷണല്‍ ഇന്നിങ്സോ ബാറ്റ്സ്മാന് പെട്ടെന്ന് ദേശീയടീമിലേക്ക് വാതില്‍ തുറന്നുകൊടുക്കാറുണ്ട്. അങ്ങനെ അമൂല്യമായൊരു ഇന്നിങ്സാണ് വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരേ ശനിയാഴ്ച സഞ്ജുവിന്റെ ബാറ്റില്‍നിന്ന് പിറന്നത്. 21 ബൗണ്ടറികളും 10 സിക്‌സുമടങ്ങുന്ന ഇരട്ടസെഞ്ചുറി സഞ്ജുവിന്റെ സ്ട്രോക്കുകളിലെ വൈവിധ്യം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഔന്നത്യം പുലര്‍ത്തുന്ന ബൗളര്‍മാരെ എത്ര എളുപ്പം കൈകാര്യം ചെയ്യാനാകുമെന്ന് ഐ.പി.എല്‍. മത്സരങ്ങളില്‍ സഞ്ജു പലവട്ടം തെളിയിച്ചിട്ടുണ്ട്. എന്നാല്‍, ട്വന്റി 20-യില്‍ മാത്രമല്ല, 50 ഓവര്‍ മത്സരങ്ങളിലും ക്രീസില്‍ നിലയുറപ്പിച്ചുകളിക്കാന്‍ പാടവമുണ്ടെന്ന് വിളിച്ചോതുന്നതായി 129 പന്തില്‍ പുറത്താകാതെനേടിയ 212 റണ്‍സ്.

ഇതോടൊപ്പം പല റെക്കോഡുകളും തിരുത്തിയിട്ടുണ്ടെങ്കിലും അതിനേക്കാള്‍ പ്രധാനം ഈ ഇന്നിങ്സിലെ സമയൗചിത്യമാണ്. ഇന്ത്യ ഒട്ടേറെ പരിമിത ഓവര്‍ മത്സരങ്ങള്‍ കളിക്കാന്‍പോകുന്ന സീസണ്‍, സെലക്ടര്‍മാരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയരാനാകാത്ത ഋഷഭ് പന്തിന്റെ ഫോം, ഫീല്‍ഡറായും വിക്കറ്റ് കീപ്പര്‍ എന്നനിലയിലും സഞ്ജുവിന്റെ മികവ് എന്നിവ ഈ സാഹചര്യത്തില്‍ അനുകൂലഘടകങ്ങളാകും.

ചരിത്രപുരുഷന്‍മാരായി നമ്മള്‍ വാഴ്ത്തുന്ന മിക്ക ബാറ്റ്സ്മാന്‍മാരുടെയും മികച്ച സമയം 25-നും 30-നും ഇടയ്ക്കുള്ള പ്രായമായിരുന്നു. നൈപുണ്യപരമായും മാനസികമായും ഔന്നത്യത്തിലെത്തുന്ന ഘട്ടമാണിത്. സഞ്ജു എന്ന 24-കാരന്‍ അടുത്ത ഒരു ദശാബ്ദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലും ലോകക്രിക്കറ്റിലും സജീവസാന്നിധ്യമാകട്ടെ എന്ന് എല്ലാ കേരളീയരെയുംപോലെ ഞാനും ആശിക്കുന്നു. അപാരമായ കണ്‍കൈ സമന്വയവും ചടുലമായ ഫുട്വര്‍ക്കും അസാമാന്യമായ ടൈമിങ്ങും കൃത്യമായ നിരീക്ഷണപാടവവുമാണ് സഞ്ജുവിന്റെ ബാറ്റിങ്ങിലെ സവിശേഷതകള്‍.

സാങ്കേതികത്തികവോടെ ആക്രമണശൈലിയില്‍ ബാറ്റുചെയ്യാനും ഫാസ്റ്റ്-സ്പിന്‍ ബൗളിങ്ങിനെ ഒരേ ലാഘവത്തോടെ നേരിടാനും കഴിവുള്ള സഞ്ജു ഇന്ന് കളിച്ചതുപോലുള്ള, കൂടുതല്‍ പക്വമായ ഇന്നിങ്സുകള്‍ കളിക്കുകവഴി എല്ലാ ഫോര്‍മാറ്റിലും ഉപയോഗ്യനായിമാറട്ടെ.

Content Highlights: Sanju's time is sparkling