ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളില്‍ ഫോം കണ്ടെത്താത്ത ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിയ്ക്കും പകരം ദീപക് ചാഹറിന് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

കഴിഞ്ഞ രണ്ടു ഏകദിന മത്സരങ്ങളിലും ബുംറയ്ക്ക് തീരെ ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഷമി വിക്കറ്റുകള്‍ എടുക്കുന്നുണ്ടെങ്കിലും വലിയ റണ്‍സ് വഴങ്ങി. ആദ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ ഇരുവരെക്കാളും കെല്‍പ്പ് ദീപക് ചാഹറിനുണ്ടെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഭുവനേശ്വറിനെപ്പോലെ ആദ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ ചാഹറിന് പ്രത്യേക കഴിവുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ട്വീറ്ററിലൂടെയാണ് മഞ്ജരേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ബുംറ 73 റണ്‍സാണ് വഴങ്ങിയത്. വിക്കറ്റ് നേടിയതുമില്ല. ഷമി ഒരു വിക്കറ്റ് നേടിയെങ്കിലും 73 റണ്‍സ് വിട്ടുകൊടുത്തു. ഇരുമത്സരങ്ങളിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനായില്ല. അതുകൊണ്ടുതന്നെ ഓസിസ് റെക്കോഡ് റണ്‍സാണ് ആദ്യം ബാറ്റുചെയ്തപ്പോള്‍ നേടിയത്. 

പരമ്പര നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മൂന്നാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ കോലി പുതിയ താരങ്ങളെ പരീക്ഷിച്ചേക്കും. 

Content Highlights: Sanjay Manjrekar wants Deepak Chahar to compliment Bumrah, Shami in Australia series