പുണെ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിക്കെതിരേ രൂക്ഷ വിമര്‍ശവുമായി മുന്‍താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഫോം കണ്ടെത്താന്‍ പാടപെടുന്ന കെ.എല്‍. രാഹുലിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളോടുള്ള കോലിയുടെ പ്രതികരണമാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്. കോലി മുന്‍ നായകന്‍ ധോനിയെ പോലെ വിമര്‍ശനങ്ങളെ പക്വതയോടെയും സമചിത്തതയോടെയും ഉള്‍ക്കൊള്ളാന്‍ പഠിക്കണമെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

പുറത്തുനിന്നുള്ള സംസാരം എന്ന് കോലി പറയുന്ന കാര്യം ഒരു പൊതു പരിപാടിയോട് പൊതുജനങ്ങളുടെ പ്രതികരണമാണ്. അതെന്നും ഒരുപോലെയാണ്. നന്നായി കളിക്കുമ്പോള്‍ അഭിനന്ദനവും മോശമാവുമ്പോള്‍ വിമര്‍ശനവും ഉണ്ടാവും. കാലങ്ങളായുള്ള ഈയൊരു യാഥാര്‍ഥ്യം സമചിത്തതയോടെയും ശാന്തതയോടെയും ഉള്‍ക്കൊള്ളാന്‍ കോലി തയ്യാറാവണം; ധോനി ചെയ്തതുപോലെ-മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു.

സമീപകാലത്ത് അമ്പെ നിറംമങ്ങിപ്പോയ കെ.എല്‍.രാഹുലിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളോടാണ് കോലി അതിരൂക്ഷമായി പ്രതികരിച്ചത്. പുറത്തുനിന്നുള്ള വിഡ്ഡിത്തരങ്ങള്‍ക്ക് ഡ്രസ്സിങ് റൂമില്‍ പ്രവേശനമില്ല. ഒരാള്‍ മോശപ്പെട്ട ഒരു ഘട്ടത്തിലൂടെ സഞ്ചരിക്കുന്നു എന്നതിന് അയാള്‍ കളിക്കാന്‍ മറന്നുപോയി എന്ന് അര്‍ഥമില്ല. ആ സമയത്ത് അയാളുടെ മനസ് ശരിയല്ല എന്നു മാത്രമേയുള്ളൂ. അപ്പോള്‍ അയാളുടെ ഫോമില്ലായ്മയെ വിമര്‍ശിക്കുക എന്നാല്‍ അയാളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പിക്കുന്നതിന് തുല്ല്യമാണ്. ഇത് നിസാരമായ ഒരു കാര്യമാണ്. പന്തിനെ നന്നായി വീക്ഷിക്കുകയും അതിനോട് പ്രതികരിക്കുകയും അടിക്കുകയും മാത്രമാണ് ചെയ്യേണ്ടത്. ഇപ്പോള്‍ പുറത്ത് ഉയരുന്ന സംസാരങ്ങളെല്ലാം വിഡ്ഡിത്തമാണ്. കരിയറിന്റെ തുടക്കം മുതല്‍ ഇന്നുവരെ പുറത്തുനിന്നുള്ള ഇത്തരം അഭിപ്രാപ്രകടനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ശുദ്ധവിഡ്ഡിത്തങ്ങളായിരുന്നു. ആര് ആരെക്കുറിച്ച് എന്ത് പറയുന്നു, അതിന്റെ ലക്ഷ്യമെന്ത് തുടങ്ങിയ കാര്യങ്ങളെല്ലാം പുറത്തുതന്നെ നില്‍ക്കുന്നതാണ് നല്ലത്. ഇതൊരിക്കലും ടീമിനെ ബാധിക്കാന്‍ അനുവദിക്കില്ല. തിരിച്ചുവരാന്‍ അവരുടെ മനസിനെ സജ്ജമാക്കേണ്ടതുണ്ട്. അതിന് കളിക്കാര്‍ക്ക് ടീമിന്റെ പൂര്‍ണ പിന്തുണയുണ്ട്‌കോലി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ നേടിയ 76 റണ്‍സാണ് രാഹുലിന്റെ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും രാഹുല്‍ വമ്പന്‍ പരാജയമായിരുന്നു. 1,0,0,14 എന്നിങ്ങനെയായിരുന്നു ബാറ്റിങ് പ്രകടനം.

Content Highlights: Sanjay Manjrekar Says Virat Kohli  must learn to accept  reality like MS Dhoni India England ODI