കൊളംബോ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് സ്ഥാനമില്ലാതെ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ ഓള്‍ ടൈം ഇലവന്‍. രണ്ട് തവണ ലോകചാമ്പ്യന്മാരായ ഇന്ത്യയില്‍നിന്ന് വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന് മാത്രമാണ് സംഗക്കാര തന്റെ സ്വപ്‌ന ഇലവനില്‍ സ്ഥാനം നല്‍കിയിരിക്കുന്നത്.

സംഗ തന്റെ ടീമിനെ പ്രഖ്യാപിക്കുന്ന വീഡിയോ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്‌. നാല് ഓസ്ട്രേലിയന്‍ താരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. സഹതാരമായിരുന്ന അരവിന്ദ ഡിസില്‍വയാണ് ക്യാപ്റ്റന്‍.

മാത്യു ഹെയ്ഡനും രാഹുല്‍ ദ്രാവിഡുമാണ് ഓപ്പണിങ് റോളിലെത്തുക. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ വണ്‍ ഡൗണായിറങ്ങും. ഓസീസ് താരം റിക്കി പോണ്ടിങ് നാലാമതായെത്തും. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ്, വെടിക്കെട്ട് താരം ഗില്‍ക്രിസ്റ്റും പിന്നീടിറങ്ങും, ഗില്ലി തന്നെയാണ് വിക്കറ്റ് കീപ്പര്‍.

മുന്‍ പാക് നായകനും പേസ് ബൗളറുമായ വസീം അക്രം നയിക്കുന്ന ബൗളിങ് നിരയില്‍ ചാമിന്ദ വാസ്, ഗ്ലെന്‍ മഗ്രാത്ത്, സ്പിന്‍ ഇതിഹാസങ്ങളായ ഷെയിന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നിവരും ഇടംനേടി.