Photo: AFP
സിഡ്നി: 2018-ലെ പന്തുചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ പങ്ക് ചോദ്യം ചെയ്ത് മുന്‍ പാകിസ്താന് ക്യാപ്റ്റന്‍ സല്മാന് ബട്ട് രംഗത്ത്.
പന്തില്‍ കൃത്രിമം കാണിച്ചതിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് അന്ന് ഓസ്ട്രേലിയന്‍ ടീമില്‍ അംഗങ്ങളായിരുന്ന ബൗളര്‍മാര്‍ സംയുക്ത പ്രസ്താവനയിറക്കിയതിനു പിന്നാലെയാണ് ബട്ടിന്റെ ചോദ്യം. നേരത്തെ ഓസീസ് ബൗളര്‍മാരുടെ വിശദീകരണത്തില്‍ തൃപ്തനല്ലെന്ന് വ്യക്തമാക്കി മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന മൈക്കല്‍ ക്ലാര്‍ക്കും രംഗത്തെത്തിയിരുന്നു.
പന്ത് പെട്ടെന്ന് റിവേഴ്സ് സ്വിങ് ചെയ്ത് തുടങ്ങുന്നത് കണ്ടിട്ടും പന്തില്‍ കൃത്രിമം നടന്നുവെന്ന് ബൗളര്‍മാര്‍ക്ക് മനസിലായില്ലെന്ന് പറയുന്നത് അസാധ്യമാണെന്നാണ് ബട്ടിന്റെ അഭിപ്രായം.
''പന്തില്‍ റിവേഴ്സ് സ്വിങ് ലഭിച്ചിട്ടും ബൗളര്‍മാര്‍ക്ക് അത് മനസിലായില്ല എന്ന് പറയുന്നത് കള്ളമാണ്. ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കാന്‍ ചുമതലപ്പെട്ട കളിക്കാര്‍ ടീമിലുണ്ടാകും. പന്തിന്റെ തിളക്കം നിലനിര്‍ത്താനും കൃത്യമായ ഇടവേളകളില്‍ പന്ത് തുടയ്ക്കുകയും ചെയ്യുകയാണ് ഇവരുടെ പണി, ഒരു സമയം കഴിയുമ്പോള്‍ പന്ത് റിവേഴ്സ് സ്വിങ് ചെയ്യാന്‍ തുടങ്ങും.'' - ബട്ട് ചൂണ്ടിക്കാട്ടി.
പന്ത് ഉണ്ടാക്കിയിരിക്കുന്നതു തന്നെ ബൗളര്‍മാര്‍ക്കു വേണ്ടിയാണ് അവര്‍ക്ക് പന്തില്‍ കൃത്രിമം നടന്നതിനെ കുറിച്ച് അറിയാതിരിക്കുന്നതെങ്ങിനെയെന്നും ബട്ട് ചോദിച്ചു.
പന്തുചുരണ്ടലുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരെല്ലാം ബാറ്റ്സ്മാന്മാരാണെന്നും ഒരു ബൗളര്‍ പോലും ശിക്ഷിക്കപ്പെട്ടില്ലെന്നും ബട്ട് ചൂണ്ടിക്കാട്ടി.
Content Highlights: Salman Butt questioned the role of the Australian bowlers in ball-tampering
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..