ലാഹോര്‍: വിരാട് കോലിയേയും കെയ്ന്‍ വില്ല്യംസണേയും താരതമ്യപ്പെടുത്തിയ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്താന്റെ മുന്‍താരം സല്‍മാന്‍ ബട്ട്. വോണിന്റെ താരതമ്യം അപ്രസക്തമാണെന്നും ഇത്തരത്തില്‍ വിവാദമുണ്ടാക്കലാണ് വോണിന്റെ പ്രധാന ജോലിയെന്നും സല്‍മാന്‍ ബട്ട് തുറന്നടിച്ചു. 

യഥാര്‍ത്ഥത്തില്‍ കോലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ വില്ല്യംസ് ആണെന്നും എന്നാല്‍ കോലി ജനപ്രീതിയുള്ള താരമായതിനാല്‍ ആരാധകര്‍ കോലിയാണ് ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍ എന്ന് പറയാന്‍ നിര്‍ബന്ധിതരാകുക ആണെന്നുമായിരുന്നു വോണിന്റെ പ്രസ്താവന. സ്പാര്‍ക് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ വിവാദ പ്രസ്താവന.

ഇതിന് പിന്നാലെ വോണിനെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ഇതില്‍ പാക് താരവും പങ്കുചേരുകയായിരുന്നു. കോലി മികച്ച താരമാണെന്നതിന് അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് തെളിവെന്ന് ബട്ട് പറയുന്നു. 

'വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തെയാണ് കോലി പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ടാകും. അതോടൊപ്പം അദ്ദേഹത്തിന്റെ പ്രകടനവും മികച്ചതാണ്. നിലവില്‍ കോലിയുടെ പേരില്‍ 70 അന്താരാഷ്ട്ര സെഞ്ചുറികളുണ്ട്. ഇപ്പോഴത്തെ കളിക്കാര്‍ക്ക് ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടമാണത്. ഒരുപാട് കാലം ബാറ്റിങ് റാങ്കിങ്ങില്‍ അദ്ദേഹം ഒന്നാമതായിരുന്നു.' തന്റെ യുട്യൂബ് ചാനലില്‍ ബട്ട് പറയുന്നു.

'വില്ല്യംസണേയും കോലിയേയും ആരാണ് താരതമ്യം ചെയ്യുന്നത് എന്നുകൂടി നോക്കണം. വോണ്‍ മികച്ച ക്യാപ്റ്റനും മികച്ച ടെസ്റ്റ് താരവുമായിരിക്കാം. എന്നാല്‍ ഏകദിനത്തില്‍ അദ്ദേഹത്തിന് ഒരു സെഞ്ചുറി പോലും നേടാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പണറെന്ന നിലയില്‍ ഒരു സെഞ്ചുറി പോലും നേടിയിട്ടില്ലെങ്കില്‍ പിന്നീട് അവിടെ ഒരു ചര്‍ച്ചയ്ക്ക് പോലും സാധ്യതയില്ല. ഇത്തരത്തില്‍ വിവാദങ്ങളുണ്ടാക്കാന്‍ മാത്രം അഭിപ്രായപ്രകടനം നടത്തുകയാണ് വോണ്‍ ചെയ്യുന്നത്. ബട്ട് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ വിട്ടുകൊടുക്കാന്‍ വോണ്‍ തയ്യാറായിരുന്നില്ല. ബട്ടിന് മറുപടിയുമായി വോണ്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. സല്‍മാന്‍ ബട്ടിനെതിരായ ഒത്തുകളി ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു വോണിന്റെ മറുപടി. 'ചില ആളുകളെ പോലെ ഞാന്‍ ക്രിക്കറ്റിനെ കളങ്കപ്പെടുത്തുന്ന ഒത്തുകളിയുടെ ഭാഗമായിട്ടില്ല എന്ന് പറയാന്‍ താങ്കള്‍ മറന്നു' എന്നായിരുന്നു വോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Content Highlights: Salman Butt on Vaughans Kohli Williamson comparison