മുംബൈ: ഈ വര്‍ഷത്തെ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് തനിക്ക് പ്രിയപ്പെട്ട ഇലവനെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ എം.എസ്. ധോനിക്ക് സ്ഥാനമില്ല. അതേസമയം വിരാട് കോലിയടക്കമുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ടീമിലുണ്ട്. 

എന്നാല്‍ സച്ചിന്റെ സ്വപ്‌ന ടീമിനെ നയിക്കുന്നത് കോലിയല്ല. കെയ്ന്‍ വില്ല്യംസണാണ് ക്യാപ്റ്റന്‍. കോലിക്ക് പുറമെ രോഹിത് ശര്‍മ, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് സച്ചിന്റെ ലോകകപ്പ് ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോ ആണ് സച്ചിന്റെ ടീമില്‍ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. വില്യംസണ്‍ മൂന്നാമതും കോലി നാലാമതും എത്തുമ്പോള്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനാണ് അഞ്ചാം നമ്പറില്‍. ബെന്‍ സ്റ്റോക്‌സ്, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായി എത്തുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ബൗളിങ് ഡിപാര്‍ട്‌മെന്റ് നയിക്കുന്നത്. 

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഇലവനില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളേ ഉള്‍പ്പെട്ടിരുന്നുള്ളൂ -രോഹിതും ബുംറയും.   

ടീം: രോഹിത് ശര്‍മ, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ഷാകിബ് അല്‍ ഹസന്‍, ബെന്‍ സ്റ്റോക്‌സ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചെല്‍ സ്റ്റാര്‍ക്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ.

Content Highlights: Sachin Tendulkar World Cup Team five indians no Dhoni