Photo: PTI
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഉപദേശവുമായി സച്ചിന് തെണ്ടുല്‍ക്കര്‍ രംഗത്ത്.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച റെക്കോഡുള്ള താരമാണ് സച്ചിന്. 1992, 1996, 2001, 2006, 2010 വര്‍ഷങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ടീമുകളില്‍ സച്ചിന് ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ 10 സെഞ്ചുറികളും നേടിയ താരമാണ് അദ്ദേഹം.
ഫ്രണ്ട് ഫൂട്ടില്‍ ഊന്നിയുള്ള പ്രതിരോധം ദക്ഷിണാഫ്രിക്കയില്‍ പ്രധാനമേറിയതാണെന്ന് പ്രശസ്ത സ്പോര്‍ട് ജേര്‍ണലിസ്റ്റ് ബോറിയ മജുംദാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സച്ചിന് പറഞ്ഞു.
''ഞാന്‍ എപ്പോഴും പറയാറുള്ളത് തന്നെ, ഫ്രണ്ട് ഫൂട്ട് ഡിഫന്‍സ് പ്രധാനപ്പെട്ടതാണ്. ദക്ഷിണാഫ്രിക്കയില്‍ ഫ്രണ്ട് ഫൂട്ട് ഡിഫന്സാകും ഗതി നിര്‍ണയിക്കുക. ആദ്യ 25 ഓവറുകള്‍ ഫ്രണ്ട് ഫൂട്ട് ഡിഫന്‍സ് നിര്‍ണായകമാകും.'' - സച്ചിന് പറഞ്ഞു.
സാങ്കേതിക വശങ്ങളില് അല്‍പ്പം കൂടി ശ്രദ്ധ കേന്ദ്രീകരിച്ച് ബാറ്റര്‍മാര്‍ക്ക് എങ്ങനെ ക്രീസില്‍ കൂടുതല്‍ സമയ ചെലവഴിക്കാമെന്നും സച്ചിന് ചൂണ്ടിക്കാട്ടി.
''കൈകള്‍ എപ്പോഴും ശരീരത്തിനടുത്ത് തന്നെ വേണം. (ബാറ്റ് ചെയ്യുമ്പോള്‍) എപ്പോള്‍ നിങ്ങളുടെ കൈകള്‍ ശരീരത്തില്‍ നിന്ന് അകന്ന് പോകുന്നുവോ അപ്പോഴാണ് നിങ്ങളുടെ നിയന്ത്രണം സാവധാനം നഷ്ടമാകാന്‍ തുടങ്ങുന്നത്.'' - സച്ചിന് പറഞ്ഞു.
ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും പുറത്തെടുത്ത മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു സച്ചിന്റെ വാക്കുകള്‍. ഇരുവരും ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടിയിരുന്നു. ക്ഷമയാണ് ബാറ്റിങ്ങില്‍ പ്രധാനമെന്നും ഇരുവരുടെയും പ്രകടനത്തെ വിലയിരുത്തി സച്ചിന് ചൂണ്ടിക്കാട്ടി.
Content Highlights: sachin tendulkar with a valuable advice for india batters ahead of south africa series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..