Photo: Getty Images
ജൊഹാനസ്ബര്‍ഗ്: കപില്‍ ദേവ്, ജോണ്‍ റൈറ്റ്, രവി ശാസ്ത്രി തുടങ്ങി പ്രതിഭാധനരായ നിരവധി പരിശീലകര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശാലക സ്ഥാനം എന്നത് ഒരു വലിയ ഉത്തരവാദിത്വമാണ്. സൂപ്പര്‍ സ്റ്റാറുകളുടെ ഒരു സംഘത്തെ ഒന്നിച്ച് കൊണ്ടുപോകുക എന്നത് തന്നെയാണ് പരിശീലകര്‍ നേരിടുന്ന വലിയ വെല്ലുവിളി. ഇക്കാര്യത്തില്‍ മികച്ച ഫലങ്ങളുണ്ടാക്കിയ പരിശീലകരില്‍ ഒരാളായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായിരുന്ന ഗാരി കേര്‍സ്റ്റണ്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയപ്പോഴുള്ള ആദ്യകാല അനുഭവങ്ങളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഗാരി.
'ദ ഫൈനല്‍ വേഡ് ക്രിക്കറ്റ് പോഡ്കാസ്റ്റ്' എന്ന യൂട്യൂബ് ഷോയില്‍ ആദം കോളിന്‍സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2007-ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ തോറ്റ് പുറത്തായ ശേഷം ആ വര്‍ഷം ഡിസംബറിലാണ് ഗാരി ഇന്ത്യയുടെ പരിശീലക സ്ഥാനത്തെത്തുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ അക്കാലത്ത് വലിയ നിരാശയിലായിരുന്നുവെന്നും ആ കാലയളവില്‍ വിരമിക്കുന്നതിനെ കുറിച്ചുപോലും സച്ചിന്‍ ആലോചിച്ചിരുന്നതായും ഗാരി പറഞ്ഞു.
''വളരെ കഴിവുള്ള ഈ ടീമിനെ ലോകത്തെ എല്ലാവരേയും തോല്‍പ്പിക്കുന്ന ടീമാക്കി മാറ്റാന്‍ എന്ത് നേതൃത്വമാണ് അന്ന് എനിക്ക് വേണ്ടിയിരുന്നത് എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം അന്നത്തെ പ്രധാന കാര്യം. ഞാന്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ടീമിലുണ്ടായിരുന്നു. ടീം അസന്തുഷ്ടരും നിരാശയിലുമായിരുന്നു. ഞാന്‍ ടീമിനൊപ്പം ചേരുന്ന സമയത്ത് സച്ചിന്‍ തീര്‍ത്തും നിരാശയിലായിരുന്നു. ഒരുപാട് ചെയ്യാനുണ്ടെന്ന് അദ്ദേഹത്തിന്റെ മനസിലുണ്ട്. പക്ഷേ ക്രിക്കറ്റ് ആസ്വദിക്കാന്‍ സാധിക്കുന്നില്ലായിരുന്നു. മാത്രമല്ല ആ സമയത്ത് വിരമിക്കാനായെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. അതിനാല്‍ തന്നെ അദ്ദേഹവുമായി സംസാരിക്കാനും വലിയ സംഭാവനകള്‍ ഇനിയും ടീമിനായി ചെയ്യാനുണ്ടെന്നത് അദ്ദേഹത്തില്‍ തോന്നിപ്പിക്കുകയും ചെയ്യുക എന്നത് പ്രധാനമായിരുന്നു.'' - ഗാരി പറഞ്ഞു.
ടീം ഇന്ത്യ ഒരുപാട് നാളായി കാത്തിരുന്ന ലോകകപ്പ് കിരീടം നേടിത്തന്ന കൂട്ടുകെട്ട് എന്ന നിലയിലാണ് ഗാരി - ധോനി കൂട്ടുകെട്ടിനെ നമ്മള്‍ ഓര്‍ക്കുന്നത്. ഇന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ സംസ്‌കാരത്തിനിടയില്‍ കളിക്കാര്‍ അവരുടെ ജോലി വ്യക്തിഗത നാഴികക്കല്ലിലെത്തുകയല്ല മറിച്ച് ടീമിനായി മികച്ച പ്രകടനം നടത്തുക എന്നതാണെന്ന് മറന്ന് പോകാറുണ്ടായിരുന്നുവെന്നും ഗാരി സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ വേറിട്ടുനിന്നത് ധോനിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഏതൊരു കോച്ചും ആഗ്രഹിക്കുന്നത് സ്വന്തം പേരിനല്ലാതെ രാജ്യത്തിനായി കളിക്കുന്ന ഒരുകൂട്ടം കളിക്കാരെയാണ്. വ്യക്തിഗത താരങ്ങളെ ചുറ്റിപ്പറ്റി വലിയ ഹൈപ്പുളള ദുഷ്‌കരമായ ഒരിടമാണ് ഇന്ത്യ. എന്നാല്‍ അക്കൂട്ടത്തില്‍ ടീമിന്റെ മികച്ച പ്രകടനത്തിലും ട്രോഫികള്‍ വിജയിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച ധോനി ഒരു നായകനെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. അത് അദ്ദേഹം തുറന്ന് പറയുകയും ചെയ്തിരുന്നു. ഇത് മറ്റുള്ളവരെയും അതേ വഴിക്ക് കൊണ്ടുവന്നു. അങ്ങനെ സച്ചിന്‍ വീണ്ടും ക്രിക്കറ്റ് ആസ്വദിക്കാന്‍ തുടങ്ങി.'' - അദ്ദേഹം വ്യക്തമാക്കി.
Content Highlights: Sachin Tendulkar was deeply unhappy when I joined the team Gary Kirsten
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..