മുംബൈ: എല്‍.ബി.ഡബ്ല്യു അപ്പീലില്‍ ഡി.ആര്‍.എസ് എടുക്കുമ്പോള്‍ പരിഗണിക്കുന്ന 'അമ്പയേഴ്‌സ്  കോള്‍' നിയമം ഐ.സി.സി പുനഃപരിശോധിക്കണമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

പന്തിന്റെ എത്ര ശതമാനമാണ് വിക്കറ്റില്‍ കൊള്ളുന്നത് എന്ന് നോക്കാതെ ഡി.ആര്‍.എസ് എടുക്കുമ്പോള്‍ പന്ത് വിക്കറ്റില്‍ തട്ടുന്നുണ്ടെന്ന് തെളിഞ്ഞാല്‍ അതില്‍ ഔട്ട് വിധിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം എന്തായിരുന്നുവെന്ന് അവിടെ പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ നിയമമനുസരിച്ച് എല്‍.ബി.ഡബ്ല്യു തീരുമാനത്തില്‍ ഡി.ആര്‍.എസ് എടുത്താല്‍ പന്തിന്റെ 50 ശതമാനത്തിലധികം ഭാഗം വിക്കറ്റില്‍ കൊള്ളുന്നുണ്ടെന്ന് തെളിഞ്ഞെങ്കില്‍ മാത്രമേ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം മാറ്റുകയുള്ളൂ. ഐ.സി.സിയുടെ ഈ നയത്തോട് തനിക്ക് യോജിക്കാനാകില്ലെന്നും സച്ചിന്‍ പറഞ്ഞു.

തന്റെ മൊബൈല്‍ ആപ്പായ 100 എം.ബിയിലൂടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുമായുള്ള സംസാരത്തിനിടെയാണ് ഇക്കാര്യം ചര്‍ച്ചയ്ക്കു വന്നത്. ഇതിന്റെ വീഡിയോ സഹിതം സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Content Highlights: Sachin Tendulkar urges ICC to reconsider umpire’s call rule in drs