ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കൂടുതല്‍ ബൗണ്ടറികളുടെ എണ്ണം കണക്കിലെടുത്ത് ഇംഗ്ലണ്ട് ജേതാക്കളായ നടപടിക്കെതിരേ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

സൂപ്പര്‍ ഓവറും ടൈ ആകുന്ന മത്സരങ്ങളില്‍ വിജയികളെ തീരുമാനിക്കേണ്ടത് ബൗണ്ടറികളുടെ എണ്ണംകൊണ്ടല്ലെന്നും സച്ചിന്‍ പറഞ്ഞു. ഇതിനായി മറ്റൊരു നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി പരീക്ഷിക്കാവുന്നതാണെന്നാണ് സച്ചിന്റെ അഭിപ്രായം. ഇത്തരം മത്സരങ്ങളില്‍ ജേതാക്കളെ തീരുമാനിക്കാന്‍ ഒരു സൂപ്പര്‍ ഓവര്‍ കൂടി അനുവദിക്കുകയാണ് വേണ്ടത്. അല്ലാതെ ബൗണ്ടറികളുടെ എണ്ണമാകരുത് അടിസ്ഥാനം. ഫൈനലില്‍ മാത്രമല്ല, എല്ലാ മത്സരങ്ങളിലും അങ്ങനെതന്നെ വേണം. ഫുട്‌ബോളില്‍ നിശ്ചിത സമയത്ത് സമനിലയാവുന്ന നോക്കൗട്ട് മത്സരങ്ങള്‍ എക്‌സ്ട്രാ ടൈമിലേക്ക് കടക്കുമ്പോള്‍ മറ്റു കാര്യങ്ങളൊന്നും തന്നെ അവിടെ പരിഗണിക്കാറില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

സെമി ഫൈനലില്‍ നിലവില്‍ തുടരുന്ന രീതിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന രീതിയാകും നല്ലതെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. ആദ്യ സ്ഥാനങ്ങളിലെത്തിയവര്‍ സ്ഥിരതയുള്ള പ്രകടനങ്ങളോടെയാണ് എത്തുന്നത്. അക്കാര്യം പരിഗണിച്ചേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാത്രമല്ല സെമിയില്‍ ധോനിയെ ഏഴാമത് ബാറ്റിങ്ങിനിറക്കിയ കാര്യം ചോദിച്ചപ്പോള്‍ താനായിരുന്നെങ്കില്‍ ധോനിയെ അഞ്ചാം സ്ഥാനത്തായിരിക്കും ബാറ്റ് ചെയ്യിക്കുകയെന്നായിരുന്നു സച്ചിന്റെ മറുപടി. ധോനിക്കു ശേഷം ഹാര്‍ദിക് ആറാമതും കാര്‍ത്തിക്ക് ഏഴാമതും ഇറങ്ങുന്നതായിരുന്നു ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Sachin Tendulkar Suggests Alternative Rule To Decide Winner After Super Over Tie