ന്യൂഡല്‍ഹി: യോ യോ ടെസ്റ്റ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന മാനദണ്ഡമായി മാറിയിട്ടുണ്ട്. എന്നാല്‍ കളിക്കാരുടെ കഴിവിനേക്കാള്‍ ഫിറ്റ്‌നസിന് പ്രധാന്യം കൊടുക്കുന്നതിനോട് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് യോജിപ്പില്ല. 

തന്റെ കാലഘട്ടത്തില്‍ ഈ യോ യോ ടെസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയ കളിക്കാര്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കുമായിരുന്നില്ലെന്നാണ് സെവാഗിന്റെ അഭിപ്രായം. 

''യോ യോ ടെസ്റ്റിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഓടാന്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. ജോലിഭാരമാണ് ഹാര്‍ദിക്കിന്റെ പ്രശ്‌നം, അതിന് കാരണം ബൗളിങ്ങും. എന്നിരുന്നാലും അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ യോ യോ ടെസ്റ്റ് പാസായിട്ടില്ല. അതിനാലാണ് അവര്‍ ഇവിടെയില്ലാത്തത്. എനിക്ക് ഇതിനോടൊന്നും യോജിപ്പില്ല. ഈ മാനദണ്ഡങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി തുടങ്ങിയവര്‍ അത് പാസാകില്ലായിരുന്നു.'' - സെവാഗ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതു കാരണം വരുണ്‍ ചക്രവര്‍ത്തിക്കും രാഹുല്‍ തെവാട്ടിയക്കും അവസരം നഷ്ടമായതിനെ കുറിച്ച് ക്രിസ്ബസിനോട് സംസാരിക്കുകയായിരുന്നു സെവാഗ്.  

ഫിറ്റ്‌നസിനല്ല, ഒരു കളിക്കാരന്റെ കഴിവിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കളിക്കാരന് ഫിറ്റ്‌നസ് സാവധാനം വര്‍ധിപ്പിക്കാമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. 

''ഒരു കളിക്കാരന് ഫീല്‍ഡ് ചെയ്യാനും 10 ഓവര്‍ ബൗള്‍ ചെയ്യാനും സാധിക്കുമെങ്കില്‍ അത് മതിയാകും. മറ്റ് കാര്യങ്ങളെ കുറിച്ച് നമ്മള്‍ ആശങ്കപ്പെടേണ്ടതില്ല.'' - സെവാഗ് വ്യക്തമാക്കി. 

Content Highlights: Sachin Tendulkar Sourav Ganguly would not have played for India if yo-yo test was there