1989-ൽ പാകിസ്താനെതിരായ അരങ്ങേറ്റ മത്സരത്തിലെ സച്ചിന്റെ ബാറ്റിങ് | Image Courtesy: Getty Images
ന്യൂഡല്‍ഹി: 1989-ലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.
ആദ്യ മത്സരം കളിക്കുമ്പോള്‍ തനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നും അതോടെ എല്ലാം അവസാനിച്ചെന്ന് കരുതി കരഞ്ഞുവെന്നും സച്ചിന്‍ വെളിപ്പെടുത്തി. സ്‌കൈ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനുമായുള്ള സംവാദത്തിലാണ് ലിറ്റില്‍ മാസ്റ്റര്‍ ആ അറിയാക്കഥകളുടെ കെട്ടഴിച്ചത്.
''അന്ന് മത്സരത്തെ കുറിച്ച് എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഞാനത് സമ്മതിക്കുകതന്നെ വേണം. ഒരു സ്‌കൂള്‍ മത്സരം കളിക്കുന്നതുപോലെയാണ് ഞാനെന്റെ ആദ്യ ടെസ്റ്റ് കളിച്ചത്''.
ഇമ്രാന്‍ ഖാന്‍, വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരുള്‍പ്പെട്ട ബൗളിങ് നിരയ്‌ക്കെതിരെയായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ ആദ്യ മത്സരം.
''വസീമും വഖാറും നല്ല വേഗത്തിലായിരുന്നു പന്തെറിഞ്ഞത്. ഷോര്‍ട്ട് ബോളുകളടക്കം അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാത്തരം ഭയപ്പെടുത്തുന്ന കാര്യങ്ങളും അവര്‍ ചെയ്യുകയായിരുന്നു. അതുപോലൊന്ന് അന്നുവരെ ഞാന്‍ അനുഭവിച്ചിട്ടില്ലായിരുന്നു. അതിനാല്‍ തന്നെ ആദ്യ പര്യടനം എനിക്ക് അത്ര സുഖകരമായിരുന്നില്ല. അവരുടെ പേസും ബൗണ്‍സും പലപ്പോഴും എന്നെ നിഷ്പ്രഭനാക്കി. 15 റണ്‍സില്‍ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് നടക്കുമ്പോള്‍ എനിക്ക് എന്നോടു തന്നെ ലജ്ജ തോന്നി. എന്താണ് നീ ചെയ്തത്, എന്തിനാണ് നീ ഇങ്ങനെ കളിച്ചത് എന്ന അവസ്ഥയിലായിരുന്നു ഞാന്‍. ഡ്രസ്സിങ് റൂമിലെത്തി ഞാന്‍ നേരെ പോയത് ബാത്ത്‌റൂമിലേക്കാണ്. ഞാന്‍ കരയുകയായിരുന്നു'', സച്ചിന്‍ പറഞ്ഞു.
24 വര്‍ഷങ്ങള്‍ക്കു ശേഷം 200 ടെസ്റ്റുകളുടെ മത്സരപരിചയമുള്ള സച്ചിന് അന്ന് താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ പ്രാപ്തനല്ലെന്നാണ് തോന്നിയത്.
''അന്ന് എന്റെ ആദ്യത്തേയും അവസാനത്തേയും മത്സരമാണെന്നാണ് കരുതിയത്. ഈ നിലവാരത്തില്‍ കളിക്കാന്‍ ഞാന്‍ യോഗ്യനല്ലെന്ന് തോന്നി. ആകെ അസ്വസ്ഥനായിരുന്ന ഞാന്‍ മാനസികമായി ആകെ തകര്‍ന്നിരുന്നു'''.
അന്ന് രവി ശാസ്ത്രിയുമായുള്ള സംഭാഷണം ഏറെ സഹായിച്ചതായും സച്ചിന്‍ പറഞ്ഞു.
''രവി ശാസ്ത്രിയുമായുള്ള സംഭാഷണം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. രവി പറഞ്ഞു, സ്‌കൂളില്‍ മത്സരം കളിക്കുന്നതുപോലെയാണ് നീ കളിച്ചത്. ലോകത്തിലെ മികച്ച ബൗളര്‍മാര്‍ക്കെതിരെയാണ് നീ കളിക്കുന്നത്, അതിനാല്‍ അവരുടെ കഴിവിനെ ബഹുമാനിക്കണം''.
''അവരുടെ (പാക് ബൗളര്‍മാരുടെ) വേഗത്തിനു മുന്നില്‍ ഞാന്‍ പരാജയപ്പെട്ടുവെന്ന് രവിയോട് പറഞ്ഞു. രവി പറഞ്ഞു, അത് പലര്‍ക്കും സംഭവിക്കുന്നതാണ്. നീ വിഷമിക്കേണ്ട. ക്രീസില്‍ ഒരു അരമണിക്കൂറോളം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. അതോടെ അവരുടെ വേഗതയുമായി നീ ഇണങ്ങും. അതോടെ എല്ലാം ശരിയാകും''.
രണ്ടാം ടെസ്റ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട സച്ചിന്‍ അര്‍ധ സെഞ്ചുറിയുമായി വരവറിയിക്കുകയും ചെയ്തു.
''ഫൈസലാബാദില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ കളിക്കാന്‍ എന്നെ തിരഞ്ഞെടുത്തപ്പോള്‍, എന്റെ മനസിലുണ്ടായിരുന്ന ഒരേയൊരു കാര്യം ഞാന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് നോക്കില്ല എന്നതായിരുന്നു. മറിച്ച് ക്ലോക്കിലേക്ക് നോക്കും, റണ്‍സ് നേടുന്നതിനെക്കുറിച്ച് വിഷമിക്കില്ല. അങ്ങനെ അരമണിക്കൂറോളം ഞാന്‍ ബാറ്റ് ചെയ്തു. അതോടെ എല്ലാം ശരിയായി. ആ മത്സരത്തില്‍ ഞാന്‍ 59 റണ്‍സ് നേടി, അതിനുശേഷം കാര്യങ്ങള്‍ മാറാന്‍ തുടങ്ങി'', സച്ചിന്‍ പറഞ്ഞു.
Content Highlights: Sachin Tendulkar shares memories of his Test debut in 1989 against Pakistan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..