ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34,000-ലേറെ റണ്‍സ് വാരിക്കൂട്ടിയിട്ടുള്ള താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കൗമാരപ്രായത്തില്‍ തന്നെ ദേശീയ ടീമിലേക്ക് വിളിയെത്തിയതിനാല്‍ രഞ്ജി കരിയറില്‍ അധികം മത്സരങ്ങളൊന്നും സച്ചിന്‍ കളിച്ചിട്ടില്ല. എന്നാല്‍ കളിച്ച ഏതാനും മത്സരങ്ങളില്‍ നിന്നുതന്നെ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങള്‍ ഏറെ വലുതാണ് താനും.

38 രഞ്ജി മത്സരങ്ങളില്‍ നിന്ന് 87.36 ശരാശരിയില്‍ 4,281 റണ്‍സ് ലിറ്റില്‍ മാസ്റ്റര്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. 18 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. രഞ്ജി കരിയറില്‍ 2008-2009 സീസണിലാണ് സച്ചിന്‍ ഒരു ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്താകുന്നത്. അന്ന് സച്ചിന്റെ വിക്കറ്റെടുത്ത ഒരു 19-കാരന്‍ പയ്യന്‍ ശ്രദ്ധനേടുകയും നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം കണ്ടെത്തുകയും ചെയ്തു. പാകിസ്താനെതിരായ ആദ്യ മത്സരത്തിലെ തന്റെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഹഫീസിനെ പുറത്താക്കി ആ പയ്യന്‍ വീണ്ടും ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു. ആ താരമാണ് ഭുവനേശ്വര്‍ കുമാര്‍.

അന്ന് സച്ചിനെ പുറത്താക്കിയ സംഭവം ഓര്‍ത്തെടുക്കുകയാണ് ഇപ്പോള്‍ ഭുവി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ സ്മൃതി മന്ദാനയും ജെമിമ റോഡ്രിഗസും അവതാരകരായ ഒരു യൂട്യൂബ് പരിപാടിയില്‍ പങ്കെടുക്കവെയാണ് ഭുവി ആ സ്വപ്‌നവിക്കറ്റിനെ കുറിച്ച് സംസാരിച്ചത്.

അന്ന് സച്ചിനെ പുറത്താക്കാന്‍ സഹായിച്ചതിന്റെ ക്രെഡിറ്റ് ഭുവി അന്നത്തെ ഉത്തര്‍പ്രദേശ് ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായിരുന്ന മുഹമ്മദ് കൈഫിനാണ് നല്‍കുന്നത്. 2008-09 സീസണിലെ മുംബൈ - ഉത്തര്‍പ്രദേശ് മത്സരത്തിലായിരുന്നു അത്.

''സാധാരണയായി, ഏതെങ്കിലും കളി തുടങ്ങുന്നതിനുമുമ്പ് വിക്കറ്റ് നേടണമെന്ന് നമ്മള്‍ ആആഗ്രഹക്കും. എന്നാല്‍ ഇത്ര വിക്കറ്റുകള്‍ വീഴ്ത്തണമെന്ന് നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാന്‍ പറ്റില്ല. അത് സാധ്യമല്ലാത്തതുകൊണ്ടുതന്നെ. എന്നാല്‍ അന്നത്തെ സച്ചിന്റെ വിക്കറ്റിന്റെ കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു എന്നുവേണം പറയാന്‍. കാരണം സച്ചിന്‍ അന്ന് പുറത്തായത് ഷോര്‍ട്ട് ലെഗിലോ അതോ മിഡ് വിക്കറ്റ് ഏരിയയിലോ ക്യാച്ച് സമ്മാനിച്ചായിരുന്നു. അതിനാല്‍ തന്നെ അതിന്റെ ക്രെഡിറ്റ് അക്കാലത്ത് എന്റെ ക്യാപ്റ്റനായിരുന്ന മുഹമ്മദ് കൈഫിനാണ്. ഫീല്‍ഡ് സെറ്റ് ചെയ്തത് അദ്ദേഹമാണ്. ഞാന്‍ ഒരു ഇന്‍സ്വിങ്ങര്‍ എറിഞ്ഞു എന്നു മാത്രം. ഒടുവില്‍ അത് സംഭവിച്ചു'', ഭുവനേശ്വര്‍ പറഞ്ഞു.

Content Highlights: Sachin Tendulkar's first-ever Ranji duck Bhuvneshwar Kumar credits Mohammed Kaif