ലണ്ടന്‍: ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം നേടുകയും ടീം റണ്ണേഴ്‌സപ്പ് ആയിപ്പോകുകയും ചെയ്ത ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ വിഷമം സച്ചിനോളം മനസിലാകുന്ന മറ്റൊരു താരമുണ്ടാകുമോ എന്ന കാര്യം സംശയമാണ്.

2003 ലോകകപ്പില്‍ 673 റണ്‍സോടെ സച്ചിന്‍ ടൂര്‍ണമെന്റിന്റെ താരമായപ്പോള്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ താരമായെങ്കിലും ഫൈനലില്‍ നിര്‍ഭാഗ്യകരമായി കിവീസ് നായകന് കിരീടം നഷ്ടമാകുകയായിരുന്നു.

ഇപ്പോഴിതാ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം സമ്മാനിച്ച ശേഷം കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനോട് പറഞ്ഞതെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍. വില്യംസണ് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം സമ്മാനിക്കുന്ന സച്ചിന്റെ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതോടെ സച്ചിന്‍ എന്താണ് വില്യംസണോട് പറഞ്ഞിരിക്കുകയെന്ന തരത്തില്‍ ചര്‍ച്ചകളും ഉടലെടുത്തു. ഈ സാഹചര്യത്തിലാണ് സച്ചിന്‍ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

'' എല്ലാവരും നിങ്ങളുടെ കളിയെ അഭിനന്ദിക്കുകയാണ് മികച്ച ലോകകപ്പായിരുന്നു നിങ്ങള്‍ക്കിത് '' - ഇതു മാത്രമാണ് താന്‍ വില്യംസണോട് പറഞ്ഞതെന്ന് സച്ചിന്‍ വെളിപ്പെടുത്തി. 

ഫൈനലിലെ നിര്‍ഭാഗ്യത്തെ കുറിച്ചോ സൂപ്പര്‍ ഓവറിനെ കുറിച്ചോ വിവാദ ഓവര്‍ ത്രോയെ കുറിച്ചോ ഒന്നു സച്ചിന്‍ വില്യംസണുമായി സംസാരിച്ചില്ല. കാരണം അയാള്‍ അന്ന് നിന്നിരുന്ന മാനസികാവസ്ഥ മറ്റാരേക്കാളും സച്ചിന് അറിയാമായിരുന്നു.

Content Highlights: Sachin Tendulkar reveals what he told Kane Williamson after World Cup final