Image Courtesy: Twitter|The Field
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാര്‍നസ് ലബുഷെയ്നിനെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. താനുമായി ഏറെ സാമ്യത തോന്നിയ കളിക്കാരനാണ് ലബുഷെയ്നെന്നു പറഞ്ഞ സച്ചിന് താരത്തിന്റെ ഫൂട്ട്വര്‍ക്കിനെ കുറിച്ചും വാചാലനായി.
ഓസ്ട്രേലിയയിലെ കാട്ടു തീ കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സംഘടിപ്പിക്കുന്ന ബുഷ്ഫയര് ക്രിക്കറ്റ് മത്സരത്തിനായി സിഡ്നിയില്‍ എത്തിയ സച്ചിന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആധുനിക ക്രിക്കറ്റിലെ ടോപ് ക്ലാസ് ബാറ്റ്സ്മാനാണ് ലബുഷെയ്നെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.
''ആഷസ് പരമ്പരയിലെ ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റ് ഞാന്‍ കണ്ടിരുന്നു. സ്റ്റീവ് സ്മിത്തിന് പരിക്കേറ്റപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ലബുഷെയ്നിന്റെ ബാറ്റിങ്ങും കണ്ടു. ഞാനെന്റെ ഭാര്യാപിതാവിനൊപ്പമായിരുന്നു കളികണ്ടുകൊണ്ടിരുന്നത്. ജോഫ്ര ആര്‍ച്ചറായിരുന്നു ബൗളര്‍. അന്ന് നേരിട്ട രണ്ടാമത്തെ പന്തു തന്നെ ലബുഷെയ്നിന്റെ ഹെല്‍മറ്റിലിടിച്ചു. എന്നാല്‍ അതിനു ശേഷവും 15 മിനിറ്റ് അദ്ദേഹം ബാറ്റു ചെയ്തു. ഞാന്‍ ഭാര്യാപിതാവിനോട് പറഞ്ഞു, ഈ കളിക്കാരന് വളരെ സ്പെഷ്യലാണെന്ന് തോന്നുന്നു, കാര്യമായ എന്തോ ഒരു പ്രത്യേകത അദ്ദേഹത്തിനുണ്ട്'', സച്ചിന് പറഞ്ഞു.
ലബുഷെയ്നിന്റെ ഫൂട്ട്വര്ക്ക് വിസ്മയകരമാണെന്നും ലിറ്റില്‍ മാസ്റ്റര്‍ പറഞ്ഞു. ''ഫൂട്ട്വര്ക്ക് എന്നത് ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്. അതിനാല്‍ തന്നെ പോസിറ്റീവായി ചിന്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ കാല് അനങ്ങില്ല. ഇതു തന്നെ ലബുഷെയ്നിന്റെ മനക്കരുത്ത് എത്ര അപാരമാണെന്നതിന് തെളിവാണ്. അദ്ദേഹത്തിന്റെ ഫൂട്ട്വര്ക്ക് അവിശ്വസനീയമാണ്'', സച്ചിന് കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അപ്രതീക്ഷിത കണ്ടെത്തലാണ് മാര്‍നസ് ലബുഷെയ്ന്. ആഷസിനിടെ സ്റ്റീവ് സ്മിത്തിന് പരിക്കേറ്റപ്പോള്‍, കണ്‍കറന്റ് സബ്സ്റ്റിറ്റിയൂഷനായാണ് അദ്ദേഹം ടീമിലെത്തുന്നത്. ലഭിച്ച അവസരം ലബുഷെയ്ന് ഫലപ്രദമായി വിനിയോഗിച്ചതോടെ അദ്ദേഹം പിന്നീട് ഓസീസ് ടീമിലെ അവിഭാജ്യ ഘടകമായി വളരുകയായിരുന്നു.
14 ടെസ്റ്റ് മത്സരങ്ങളിലെ 23 ഇന്നിങ്സുകളില്‍ നിന്നായി ഒരു ഇരട്ട സെഞ്ചുറിയും നാല് സെഞ്ചുറിയുമടക്കം 63.43 ശരാശരിയില്‍ 1459 റണ്‍സ് ലബുഷെയ്ന് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Sachin Tendulkar reveals how Marnus Labuschagne reminds him of himself
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..