സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച ഘടകങ്ങൾ ചൂണ്ടിക്കാട്ടി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. കിരീടം നേടിയ ന്യൂസീലന്റിനെ അഭിനന്ദിച്ചുള്ള ട്വീറ്റിലാണ് സച്ചിൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയ കാരണം വ്യക്തമാക്കിയത്.

'ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ന്യൂസീലന്റ് ടീമിന് അഭിനന്ദനങ്ങൾ. നിങ്ങളായിരുന്നു മികച്ചു നിന്നത്. ഇന്ത്യ പ്രകടനത്തിൽ നിരാശപ്പെടുത്തി. ഞാൻ സൂചിപ്പിച്ചതുപോലെ ആദ്യത്തെ പത്ത് ഓവറുകൾ നിർണായകമായിരുന്നു. വിരാട് കോലിയുടേയും ചേതേശ്വർ പൂജാരയുടേയും വിക്കറ്റ് പത്ത് പന്തുകൾക്കിടെ നഷ്ടമായി. ഇതു രണ്ടും ഇന്ത്യൻ ടീമിന് വലിയ സമ്മർദ്ദമുണ്ടാക്കി.' സച്ചിൻ ട്വീറ്റ് ചെയ്തു.

റിസർവ് ദിനത്തിൽ രണ്ടാം ഇന്നിങ്സിലെ ആദ്യ സെഷനിൽ ആറാം ഓവറിൽ കെയ്ൽ ജമെയ്സൺന്റെ പന്തിൽ കോലി വിക്കറ്റ് കീപ്പർ വാട്ലിങ്ങിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ പൂജാര ജമെയ്സൺന്റെ പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ റോസ് ടെയ്ലർക്ക് ക്യാച്ച് നൽകി ക്രീസ് വിട്ടു. ഇതോടെ ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലായി. ഒടുവിൽ എട്ടു വിക്കറ്റിന് പരാജയം രുചിച്ചു.

Content Highlights: Sachin Tendulkar on Indias defeat World Test Championship Final