ന്യൂഡൽഹി: ന്യൂസീലന്റ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ സമയം ചോദ്യം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ട്-ന്യൂസീലന്റ് പരമ്പര നടത്താമായിരുന്നുവെന്നും ഇംഗ്ലണ്ടിനെതിരേ രണ്ട് ടെസ്റ്റുകൾ കളിച്ച് എത്തുന്നത് ഫൈനലിൽ ന്യൂസീലന്റിന് മുൻതൂക്കം നൽകുമെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ടീം ഇൻട്രാ സ്ക്വാഡ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നാൽ പല ഘട്ടങ്ങളായി ഇംഗ്ലണ്ടിൽ കളിച്ച പരിചയം ഇന്ത്യൻ താരങ്ങൾക്കുണ്ട്. ടെസ്റ്റിലായാലും ഇന്ത്യ എ ടീമിലായാലും. അതിനാൽ ഇംഗ്ലണ്ടിലെ സാഹര്യങ്ങൾ ഇന്ത്യൻ കളിക്കാർക്ക് പൂർണമായും അപരിചിതമല്ല. സച്ചിൻ പറയുന്നു.

ഇംഗ്ലണ്ട്-ന്യൂസീലന്റ് ടെസ്റ്റ് പരമ്പര എപ്പോഴാണ് തീരുമാനിച്ചത് എന്ന് എനിക്കറിയില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിവീസ് സ്ഥാനമുറപ്പിക്കുന്നതിന് മുമ്പ് ഇത് നിശ്ചയിച്ചിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ചിലപ്പോൾ യാദൃശ്ചികമായി സംഭവിച്ചതാകാം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുമായി ഇതിന് ബന്ധമില്ല. അങ്ങനെ വരുമ്പോൾ ഫൈനലിന് ശേഷം ഈ പരമ്പര നടത്താമായിരുന്നു. സച്ചിൻ കൂട്ടിച്ചേർത്തു.

Content Highlights: Sachin Tendulkar on England vs New Zealand Series Cricket