മുംബൈ: ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണില്‍ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പങ്കെടുക്കില്ല. സച്ചിന്റെ കീഴിലുള്ള എസ്.ആര്‍.ടി മാനേജ്‌മെന്റ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. 

ലീഗിന്റെ പ്രചരണാര്‍ഥം ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് എസ്.ആര്‍ടി മാനേജ്‌മെന്റ് തീരുമാനം അറിയിച്ചത്. സച്ചിന്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് അമിതാഭ് ബച്ചന്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു. 

കഴിഞ്ഞ സീസണില്‍ സച്ചിന്‍ നയിച്ച ഇന്ത്യ ലെജന്‍ഡ്‌സാണ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ കിരീടം നേടിയത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളെ അണിനിരത്തിയാണ് ലീഗ് നടക്കുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത സച്ചിന്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു. സച്ചിനൊപ്പം യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്,മുഹമ്മദ് കൈഫ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്നിരുന്നു. ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. 

ഇത്തവണ ഇന്ത്യ ലെജന്‍ഡ്‌സിന്‌ പകരം ഇന്ത്യ മഹാരാജാസ് എന്ന ടീമാണ് ലീഗില്‍ പങ്കെടുക്കുക. മുഹമ്മദ് കൈഫ്, സ്റ്റ്യൂവര്‍ട്ട് ബിന്നി തുടങ്ങിയ താരങ്ങള്‍ ഇതിനോടകം ടീമിലിടം നേടിയിട്ടുണ്ട്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിരമിച്ച ക്രിക്കറ്റ് താരങ്ങളാണ് ലീഗില്‍ പങ്കെടുക്കുക. 2022 ജനുവരി 20 ന് മസ്‌കറ്റില്‍ വെച്ചാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 

Content Highlights: Sachin Tendulkar not part of Legends League Cricket, clarifies SRT Sports Management