ഇസ്ലാമാബാദ്: പാകിസ്താന്‍ പേസ് ബൗളര്‍ ഷുഐബ് അക്തര്‍ ഒരു കാലത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ നന്നായി ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് മുന്‍ പാക് താരം മുഹമ്മദ് ആസിഫ്.

2006-ലെ ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിലെ കറാച്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിലെ സംഭവങ്ങളാണ് ആസിഫ് പങ്കുവെച്ചത്. 'ദ ബര്‍ഗേഴ്‌സ്' എന്ന പാകിസ്താന്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആസിഫ്.

''2006-ല്‍ പാകിസ്താനില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിനെ ഓര്‍ക്കുന്നില്ലേ. ശക്തമായ ബാറ്റിങ് നിരയായിരുന്നു അവരുടേത്. ദ്രാവിഡ് ധാരാളം റണ്‍സ് നേടിയിരുന്നു, സെവാഗാകട്ടെ മുള്‍ട്ടാനില്‍ ഞങ്ങളെ അടിച്ചുതകര്‍ത്തു. ഫൈസലാബാദ് ടെസ്റ്റിനിടെ ഇരു ടീമുകളും 600 റണ്‍സ് നേടി. അവരുടെ ബാറ്റിങ് നിരയുടെ ആഴം ഞങ്ങളെ ആശങ്കയിലാക്കിയിരുന്നു. എം.എസ് ധോനി ഏഴാമതോ എട്ടാമതോ ആണ് ബാറ്റിങ്ങിനിറങ്ങിയിരുന്നത്'', ആസിഫ് പറഞ്ഞു.

''മത്സരം തുടങ്ങിയപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ഇര്‍ഫാന്‍ പത്താന്‍ ഹാട്രിക്കെടുത്തു. അതോടെ ഞങ്ങളുടെ മനോവീര്യം കുറഞ്ഞു. കമ്രാന്‍ അക്മല്‍ സെഞ്ചുറി നേടിയിരുന്നു. ഞങ്ങള്‍ ഏകദേശം 240 റണ്‍സ് സ്‌കോര്‍ ചെയ്തു. എന്നാല്‍ ഞങ്ങള്‍ ബൗളിങ് ആരംഭിച്ചപ്പോള്‍ ഷുഐബ് അക്തര്‍ അപാരമായ വേഗത്തിലായിരുന്നു പന്തെറിഞ്ഞത്. സ്‌ക്വയര്‍ ലെഗില്‍ അമ്പയര്‍ക്ക് അടുത്തായിരുന്നു ഞാന്‍ അപ്പോള്‍ ഫീല്‍ഡ് ചെയ്തിരുന്നത്. ഷുഐബിന്റെ ഒന്നോ രണ്ടോ ബൗണ്‍സറുകളെ നേരിടുമ്പോള്‍ സച്ചിന്‍ കണ്ണുകള്‍ അടച്ചിരുന്നതായി ഞാന്‍ കണ്ടു. ഒന്നാം ഇന്നിങ്‌സില്‍ ഞങ്ങള്‍ അവരെ 240 കടക്കാന്‍ അനുവദിച്ചില്ല. തോല്‍വിയുടെ വക്കില്‍ നിന്ന് അന്ന് ഞങ്ങള്‍ വിജയം പിടിച്ചെടുത്തു'', ആസിഫ് ഓര്‍മിച്ചു.

മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 245 റണ്‍സെടുത്ത പാകിസ്താന്‍ ഇന്ത്യയെ 238 റണ്‍സിന് പുറത്താക്കി. രണ്ടാം ഇന്നിങ്‌സില്‍ 599 റണ്‍സെടുത്ത പാകിസ്താന്‍ ഇന്ത്യയെ 265 റണ്‍സിന് പുറത്താക്കി 341 റണ്‍സിന്റെ വിജയവും പരമ്പരയും (1-0) സ്വന്തമാക്കി.

Content Highlights: Sachin Tendulkar closed his eyes to bouncers from Shoaib Akhtar