മുംബൈ:  ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ എഴുതപ്പെട്ട പേര് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നായിരിക്കും. ക്രിക്കറ്റില്‍ അത്രയും ചരിത്ര ഇന്നിങ്‌സുകള്‍ സച്ചിന് സ്വന്തമാണ്. അതുകൊണ്ടുതന്നെയാണ് താരത്തെ ക്രിക്കറ്റ് ഇതിഹാസമെന്നും ക്രിക്കറ്റ് ദൈവം എന്നുമെല്ലാം വിശേഷിപ്പിക്കുന്നത്. 

എന്നാല്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഒരു സാധാരണ ക്രിക്കറ്റ് താരത്തെ പോലെയായിരുന്നു സച്ചിനും. ഓരോ മത്സരത്തിന് മുമ്പും സമ്മര്‍ദ്ദവും ഉത്കണ്ഠയും തന്നെ വേട്ടയാടിയിരുന്നതായും സച്ചിന്‍ പറയുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയാലും ഉത്കണ്ഠ തന്റെ ഉള്ളില്‍ തന്നെയുണ്ടാകുമെന്ന് സച്ചിന്‍ പറയുന്നു. അൺ അക്കാദമി നടത്തിയ അഭിമുഖത്തിലാണ് സച്ചിന്‍ മനസ്സുതുറന്നത്.

'ഞാന്‍ ഇന്ത്യന്‍ ജ്‌ഴ്‌സിയില്‍ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികള്‍ എന്റെ കരിയറിലുണ്ടായിരുന്നു. ഒരു മത്സരത്തിന് ഇറങ്ങും മുമ്പ് ശാരീരികമായി തയ്യാറെടുക്കുന്നതിനൊപ്പം മാനസികമായും തയ്യാറെടുപ്പ് നടത്തണമെന്ന് ഞാന്‍ അന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കി. ഞാന്‍ ഗ്രൗണ്ടില്‍ എത്തുന്നതിന് മുമ്പുതന്നെ എന്റെ മനസ്സില്‍ ഞാന്‍ മത്സരം തുടങ്ങിയിട്ടുണ്ടാകും. ആ സമയത്ത് എന്റെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കൂടും. പിന്നീട് ക്രമേണ അത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ പഠിച്ചു.

മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്ന് ഞാന്‍ സ്വയം വിശ്വസിച്ചു. ഉറങ്ങാന്‍ കഴിയാത്തത് ഒരു പ്രശ്‌നമല്ലെന്നും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ആ സമയങ്ങളില്‍ മത്സരവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആലോചിക്കാന്‍ ശ്രമിച്ചു.' സച്ചിന്‍ അഭിമുഖത്തില്‍ പറയുന്നു. 

Content Highlights: Sachin Tendulkar anxiety sleepless nights