ഇസ്ലാമാബാദ്: മുള്‍ട്ടാനില്‍ വീരേന്ദര്‍ സെവാഗ് നേടിയ ട്രിപ്പിള്‍ സെഞ്ചുറിയേക്കാള്‍ മികച്ചത് ചെന്നൈയില്‍ പാകിസ്താനെതിരേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേടിയ സെഞ്ചുറി ഇന്നിങ്‌സാണെന്ന് മുന്‍ പാക് സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ്. 

2004-ല്‍ മുള്‍ട്ടാനില്‍ 309 റണ്‍സാണ് സെവാഗ് സ്വന്തമാക്കിയത്. 1999-ലെ ചെന്നൈ ടെസ്റ്റിലായിരുന്നു 136 റണ്‍സെടുത്ത സച്ചിന്റെ പ്രകടനം. ഈ രണ്ട് മത്സരങ്ങളിലും രണ്ട് താരങ്ങള്‍ക്കെതിരെയും പന്തെറിഞ്ഞ താരമാണ് സഖ്‌ലെയ്ന്‍.

ഒരു യൂട്യൂബ് ടോക്ക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സഖ്‌ലെയ്ന്‍, സച്ചിന്റെയും സെവാഗിന്റെയും ഇന്നിങ്‌സുകളെ താരതമ്യം ചെയ്തത്.

മുള്‍ട്ടാനിലെ സെവാഗിന്റെ ഇന്നിങ്‌സിനേക്കാള്‍ എത്രയോ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലാണ് ചെന്നൈയില്‍ സച്ചിന്‍ 136 റണ്‍സെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

''സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ചുറിയേക്കാള്‍ ഞാന്‍ മൂല്യം കല്‍പ്പിക്കുന്നത് ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേടിയ 130-ലേറെ (136) റണ്‍സിനാണ്. കാരണം അന്ന് (1999-ല്‍) എല്ലാ തയ്യാറെടുപ്പുകളുമായാണ് ഞങ്ങള്‍ കളിച്ചത്. അതൊരു പോരാട്ടമായിരുന്നു, അവിടെ ഒരു യുദ്ധമുണ്ടായിരുന്നു. ഇവിടെ (2004 മുള്‍ട്ടാനില്‍) ഒരു പോരാട്ടമോ യുദ്ധമോ ഉണ്ടായിരുന്നില്ല. മാത്രവുമല്ല അത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സുമായിരുന്നില്ല. ആദ്യ ഇന്നിങ്‌സും ആദ്യ ദിനത്തിലെ പിച്ചുമായിരുന്നു. തയ്യാറെടുപ്പുകളുമില്ലായിരുന്നു. മാതാപിതാക്കളുടെയോ അദ്ദേഹത്തിന്റെ (സെവാഗ്) തന്നെയോ സത്കര്‍മ്മങ്ങളാണ് അവിടെ തുണച്ചത്.'' - സഖ്‌ലെയ്ന്‍ പറഞ്ഞു.

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് 2004-ല്‍ മുള്‍ട്ടാനില്‍ സെവാഗ് സ്വന്തമാക്കിയത്. അന്ന് 43 ഓവര്‍ എറിഞ്ഞ സഖ്‌ലെയ്ന്‍ വഴങ്ങിയത് 204 റണ്‍സായിരുന്നു. നേടാനായതോ ഒരു വിക്കറ്റ് മാത്രവും. നേരെമറിച്ച്, 1999-ലെ ചെന്നൈ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. കളിക്കാരുടെ പരിക്കും ഫ്‌ളാറ്റ് വിക്കറ്റും ബോര്‍ഡും താരങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുമെല്ലാം സെവാഗിന് ഗുണം ചെയ്തുവെന്നാണ് സഖ്‌ലെയ്ന്‍ പറയുന്നത്.

Content Highlights: Sachin’s 136 in Chennai epic is much better than Sehwag’s 309 at Multan Saqlain