കൊച്ചി: മലയാളി ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ ഐ.പി.എൽ ടീമിൽ എസ്. ശ്രീശാന്തും. ശ്രീലങ്കൻ താരം ലസിത് മലിംഗ, ഇന്ത്യയുടെ ജസ്പ്രീത് ബുംറ എന്നിവരെ ഒഴിവാക്കിയാണ് സച്ചിൻ ബേബി ശ്രീശാന്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഐ.പി.എല്ലിലെ ഏറ്റവും മികച്ച 11 താരങ്ങളെ ഉൾപ്പെടുത്തി ടീം തിരഞ്ഞെടുക്കാൻ അവതാരകൻ ആവശ്യപ്പെടുകയായിരുന്നു.

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള താരമാണ് സച്ചിൻ ബേബി. ഇതുവരെ 10 ഇന്നിങ്സിൽ നിന്ന് 137 റൺസ് നേടിയിട്ടുണ്ട്.

എം.എസ് ധോനി നയിക്കുന്ന സച്ചിൻ ബേബിയുടെ ടീമിലെ ഓപ്പണർമാർ രോഹിത് ശർമയും ക്രിസ് ഗെയ്ലുമാണ്. മൂന്നാം നമ്പറിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. നാലാമൻ എബി ഡിവില്ലിയേഴ്സും അഞ്ചാമൻ സുരേഷ് റെയ്നയും. വിക്കറ്റ് കീപ്പറുടെ റോൾ ധോനിക്കു തന്നെയാണ്. പേസ് ബൗളിങ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയും സ്പിൻ ബൗളറായി റാഷിദ് ഖാനും ഇടം നേടി. ശ്രീശാന്തിനൊപ്പം പേസ് ബൗളിങ്ങിൽ മിച്ചൽ സ്റ്റാർക്കും ഭുവനേശ്വർ കുമാറുമാണുള്ളത്.

Content Highlights: Sachin Baby names his all time IPL XI picks his Kerala teammate Sreesanth