റായ്പുര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടൂര്‍ണമെന്റില്‍ വെസ്റ്റിന്‍ഡീസ് ലെജന്റ്‌സിനെ തകര്‍ത്ത് ഇന്ത്യ ലെജന്റ്‌സ് ഫൈനലില്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. 12 റണ്‍സ് ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. 

ഇന്ത്യയ്ക്കായി 42 പന്തില്‍ മൂന്നു സിക്‌സും ആറു ഫോറുമടക്കം 65 റണ്‍സെടുത്ത സച്ചിനും വെറും 20 പന്തില്‍ ആറു സിക്‌സും ഒരു ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്ന യുവ്‌രാജ് സിങ്ങുമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. 

സെവാഗ് വെറും 17 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 35 റണ്‍സെടുത്തു. മുഹമ്മദ് കൈഫ് 27 റണ്‍സെടുത്ത് പുറത്തായി. യൂസഫ് പത്താന്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു. 

വെസ്റ്റിന്‍ഡീസ് ലെജന്റ്‌സിനായി ഡ്വെയ്ന്‍ സ്മിത്ത് ഡിയോനരെയ്ന്‍, ബ്രയാന്‍ ലാറ എന്നിവര്‍ തിളങ്ങി.

ഡ്വെയ്ന്‍ സ്മിത്ത് 36 പന്തില്‍ നിന്ന് ഒമ്പത് ഫോറും രണ്ട് സിക്സുമടക്കം 63 റണ്‍സെടുത്തു.

ഡിയോനരെയ്ന്‍ 44 പന്തില്‍ നിന്ന് അഞ്ചു ഫോറും രണ്ട് സിക്‌സുമടക്കം 59 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ലാറ 28 പന്തുകള്‍ നേരിട്ട് 46 റണ്‍സെടുത്തു.

ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്‍ രണ്ട് വിക്കറ്റും ഗോണി, ഓജ, ഇര്‍ഫാന്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി. മറ്റന്നാള്‍ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും.

Content Highlights: Sachin and Yuvraj shines India Legends storm into the final