മുംബൈ: ട്വന്റി-20 ലോലകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതിനെതിരേ മുന്‍താരം സാബ കരീം രംഗത്ത്. ഇന്ത്യന്‍ ടീമിലേക്ക്‌ തിരഞ്ഞെടുക്കുന്ന ഓരോ താരത്തിനും കളിക്കാനുള്ള ഫിറ്റ്‌നെസ് ഉണ്ടായിരിക്കണമെന്നും ഹാര്‍ദിക് പരിക്കിന്റെ പിടിയിലാണെങ്കില്‍ എന്തിനാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും സാബാ കരീം ചോദിക്കുന്നു. 

'ഇന്ത്യന്‍ ടീമിലെ പ്രധാനപ്പെട്ട താരമാണ് ഹാര്‍ദിക് എന്നത് വ്യക്തമാണ്. എന്നാല്‍ ട്വന്റി-20 ലോകകപ്പ് ആകുമ്പോഴേക്കും ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമാണ് ഹാര്‍ദികിന്റെ സെലക്ഷന്‍ നീതീകരിക്കാന്‍ കഴിയുക. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹാര്‍ദിക് കളിച്ചിട്ടില്ല. 

അദ്ദേഹത്തിന് എപ്പോഴാണ് പരിക്കേറ്റത്? ടീം സെലക്ഷന്‍ നടക്കുമ്പോഴാണോ അതോ ഐപിഎല്ലിനായി ഒരുങ്ങുമ്പോഴാണോ? ഈ കാര്യങ്ങളെല്ലാം വിശദീകരിക്കേണ്ടതുണ്ട്. പരിക്കിന്റെ പിടിയിലാണെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തത് എന്തിനാണ്? ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍.സി.എ)  പോയി ഫിറ്റ്‌നെസ് വീണ്ടെടുക്കണം. അതിനുശേഷം മാത്രമാണ് സെലക്ഷന് യോഗ്യത ലഭിക്കുക.'-സാബാ കരീം വ്യക്തമാക്കുന്നു.

Content Highlights: Saba Karim questions Hardik Pandyas T20 World Cup selection