ലഖ്‌നൗ: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അഞ്ച് വിക്കറ്റിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.3 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 48.2 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര സൗത്ത് ആഫ്രിക്ക 4-1 ന് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 79 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മിതാലി രാജിന്റെ പ്രകടന മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 30 റണ്‍സെടുത്ത ഹര്‍മന്‍ പ്രീത് കൗറിനൊഴികെ മറ്റാര്‍ക്കും മിതാലിയെ പിന്തുണയ്ക്കാനായില്ല. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നാദിനെ ഡെ ക്ലെര്‍ക്ക് മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി അന്നെകെ ബോഷ് 58 റണ്‍സും മിഗ്നന്‍ ഡു പ്രീസ് 57 റണ്‍സും മരിസാനേ കാപ്പ് 36 റണ്‍സും നേടി. പത്തോവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്വാദ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 

സൗത്ത് ആഫ്രിക്കയുടെ അന്നെകെ ബോഷ് കളിയിലെ താരമായും ലിസെല്ലി ലീ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: SA Women Beat IND Women by Five Wickets to Pocket Series 4-1