ബ്ലോംഫോണ്ടെയ്ന്‍: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഇന്ത്യന്‍ എ ടീമിന്റെ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റ് മത്സരം സമനിലയില്‍ കലാശിച്ചു. അവസാന ദിനം മഴ വില്ലനായി അവതരിച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ ടീം ഏഴുവിക്കറ്റ് നഷ്ടത്തില്‍ 509 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 163 റണ്‍സെടുത്ത നായകന്‍ പീറ്റര്‍ മാലനും 117 റണ്‍സടിച്ച ടോണി ടി സോര്‍സിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി നവ്ദീപ് സൈനിയും അര്‍സാന്‍ നാഗ്വാസ്വാലയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

കൂറ്റന്‍ സ്‌കോര്‍ മറികടക്കുന്നതിനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി അഭിമന്യു ഈശ്വരന്‍ 103 റണ്‍സെടുത്തപ്പോള്‍ നായകന്‍ പ്രിയങ്ക് പാഞ്ചല്‍ 96 റണ്‍സ് നേടി. പൃഥ്വി ഷാ 48 റണ്‍സെടുത്തു. 

പൃഥ്വി ഷാ, ഹനുമ വിഹാരി, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, സൈനി, ഉമ്രാന്‍ മാലിക് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇന്ത്യ എ ടീമില്‍ അണിനിരന്നു. 

Content Highlights: SA A vs IND A Match ends in draw on Day 4 as rain plays spoilsport