ധോനി ഭായ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് റിട്ടയര്‍ ചെയ്യുന്നെന്ന വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഇന്ത്യന്‍ ടീമില്‍ കളിച്ച ഓര്‍മകള്‍ മനസ്സിലെത്തി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ രണ്ട് ലോകകപ്പുകള്‍ ജയിച്ചപ്പോഴും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോഴും ഞാന്‍ ടീമിലുണ്ട്. 2007-ലെ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരേയും 2011-ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേയും ഞാന്‍ കളിച്ചു. ആ വിജയങ്ങളില്‍ ധോനിയുടെ പ്രതികരണവും ശരീരഭാഷയുമെല്ലാം ഇന്നും മനസ്സിലുണ്ട്. വിജയങ്ങളിലും പരാജയങ്ങളിലും ഒരേപോലെ കൂളായി നിലകൊള്ളാനുള്ള ധോനി ഭായിയുടെ കഴിവ് അപാരമാണ്.
ലോകകപ്പ് ഫൈനല്‍ പോലുള്ള മത്സരങ്ങളില്‍ ബൗള്‍ ചെയ്യാന്‍ നിയോഗിക്കുമ്പോള്‍ ഒട്ടേറെ ഉപദേശങ്ങളും നിര്‍ദേശങ്ങളും തന്ന് നമ്മെ ടെന്‍ഷനടിപ്പിക്കാത്ത ക്യാപ്റ്റനായിരുന്നു ധോനി ഭായ്. ''ശ്രീ, നിന്റെ ശൈലിയില്‍ ബൗള്‍ ചെയ്‌തോളൂ. പക്ഷേ, ലോകകപ്പ് ഫൈനലാണെന്ന് ഓര്‍മ വേണം.''- ഇത്രയേ പറയൂ. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്ട്രേലിയയുടെ ഓപ്പണര്‍മാരായ ആദം ഗില്‍ക്രിസ്റ്റിന്റെയും മാത്യു ഹെയ്ഡന്റെയും വിക്കറ്റെടുത്തത് ഞാനായിരുന്നു. അവര്‍ക്കെതിരേ എന്റെ സ്വന്തം ശൈലിയില്‍ ബൗള്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ തന്ന സ്വാതന്ത്ര്യം നിര്‍ണായകമായി.
ഞാനും ധോനിയും ഒരേകാലത്താണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. പ്രാദേശികച്ചുവയുള്ള ഹിന്ദിയില്‍ തമാശകള്‍ പൊട്ടിച്ച് ഞങ്ങളെ ചിരിപ്പിക്കുകയും കൂട്ടുകാര്‍ക്കിടിയില്‍ ചില തമാശകള്‍ ഒപ്പിച്ച് ആസ്വദിക്കുകയും ചെയ്യുന്ന നീണ്ടമുടിക്കാരന്‍. ആ മനുഷ്യന്‍ ഗ്രൗണ്ടിലിറങ്ങിയാല്‍ വലിയ ഗൗരവക്കാരനായി മാറും.
കൊച്ചിയില്‍ ഒരു മത്സരത്തിനെത്തിയ ഇന്ത്യന്‍ ടീം ഒരുമിച്ച് എന്റെ വീട്ടില്‍ വന്നത് മറക്കാനാകാത്ത അനുഭവമായി. ധോനി ഭായിയുടെ ജീവിതത്തില്‍ ഇനിയും സൗഭാഗ്യങ്ങളും സന്തോഷവുമുണ്ടാവട്ടെ...
Content highlights : s sreesanth remembering dhoni's captaincy and characteristics