തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായ മലയാളി താരം എസ്.ശ്രീശാന്ത് വീണ്ടും കളിക്കളത്തില്‍ സജീവമാകുന്നു. കെ.സി.എ നടത്തുന്ന പ്രസിഡന്റ്‌സ് കപ്പ് ട്വന്റി 20 ടൂര്‍ണമെന്റിലാകും താരം തിരിച്ചുവരവ് നടത്തുക. കെ.സി.എ ടൈഗേഴ്‌സ് എന്ന ടീമില്‍ താരം കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ആകെ ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
2013-ല്‍ ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്ന ശ്രീശാന്ത് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്പോള്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.
തെളിവില്ലാത്തതിനാല്‍ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. എന്നാല്‍ ബി.സി.സി.ഐയുടെ വിലക്ക് നീക്കിയില്ല. പിന്നീട് സുപ്രീം കോടതിയില്‍ കേസ് നടത്തിയാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴു വര്‍ഷമാക്കി കുറച്ചത്. സെപ്റ്റംബറില്‍ വിലക്കിന്റെ കാലാവധി കഴിഞ്ഞു. ശാരീരിക ക്ഷമത തെളിയിച്ചാല്‍ താരത്തെ രഞ്ജി ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമിലെടുക്കുമെന്ന് കെ.സി.എ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: S Sreesanth is back in action after seven years of ban in Cricket