ശ്രീശാന്ത് | Photo: PTI
കൊച്ചി: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ഏഴുവര്‍ഷത്തെ വിലക്ക് ഞായറാഴ്ച അവസാനിക്കും. ഇതോടെ വീണ്ടും സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം.
''എല്ലാ കുറ്റങ്ങളില്‍ നിന്നും ഇപ്പോള്‍ സ്വതന്ത്രനാണ്. ഇനി ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കായിക ഇനത്തെ പ്രതിനിധീകരിക്കാന്‍ പോകുകയാണ് ഞാന്‍. ഒരു പരിശീലന മത്സരമാണെങ്കില്‍ പോലും എറിയുന്ന ഓരോ പന്തിലും ഞാന്‍ എന്റെ ഏറ്റവും മികച്ചത് നല്‍കും.'' - വിലക്ക് അവസാനിക്കാനിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ച ശ്രീ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് ഈ വാക്കുകള്‍.
ഇന്ത്യയ്ക്കുവേണ്ടി 90 മത്സരങ്ങള്‍ കളിച്ച മലയാളി താരം കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കേയാണ് വിലക്കുവന്നത്. ഇപ്പോള്‍ 37 വയസ്സുണ്ടെങ്കിലും വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്താമെന്ന വിശ്വാസത്തിലാണ് ശ്രീ. കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കുറി ആഭ്യന്തരമത്സരങ്ങള്‍ അനിശ്ചിതത്വത്തിലാണ്.
ഐ.പി.എല്ലില്‍ നിന്ന് ചില കളിക്കാര്‍ പിന്‍മാറുന്നതിനാല്‍ നിബന്ധനകള്‍ പാലിച്ച് പുതിയ താരങ്ങളെ ഉള്‍പ്പെടുത്തുന്നുണ്ട്. കളിക്കളത്തില്‍ ഇല്ലെങ്കിലും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നുണ്ട്. പരിശീലനവുമുണ്ട്. അതുകൊണ്ട് ഐ.പി.എല്‍. ടീമുകള്‍ സമീപിച്ചാല്‍ കളിക്കാന്‍ ഒരുക്കമാണെന്ന് ശ്രീശാന്ത് പറഞ്ഞു.
2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്. രണ്ട് ടൂര്‍ണമെന്റുകളുടെയും ഫൈനലിലും കളിച്ചു.
2013 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഒത്തുകളി വിവാദമുണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട ശ്രീ അറസ്റ്റിലാകുകയും ചെയ്തു. ഇതോടെ ബി.സി.സി.ഐ താരത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരേ ശ്രീശാന്ത് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് താരത്തിന്റെ വിലക്ക് ഏഴു വര്‍ഷമാക്കി കുറച്ചത്.
Content Highlights: S Sreesanth ban for alleged spot-fixing came to an end on Sunday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..