ന്യൂഡല്‍ഹി: സമൂഹം ഒന്നടങ്കം വര്‍ണവെറിയെന്ന വിപത്തിനെതിരേ രംഗത്തുവരാത്തിടത്തോളം കാലം കായികരംഗത്തെ വര്‍ണവെറിക്കെതിരായ നിയമങ്ങള്‍ 'മുറിവില്‍ പ്ലാസ്റ്ററിടുന്നത്' പോലെയായിരിക്കുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ്.

അമേരിക്കയില്‍ ആഫ്രോ-അമേരിക്കന്‍ പൗരന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തോടുകൂടി ലോകമെമ്പാടും വര്‍ണവെറിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമങ്ങള്‍ കര്‍ശനമാക്കിയത് കൊണ്ടുമാത്രം കായിക രംഗത്തെ വര്‍ണവെറി തടയാനാകില്ലെന്ന് ഹോള്‍ഡിങ് അഭിപ്രായപ്പെട്ടു.

''നിങ്ങള്‍ വര്‍ണവെറിക്കിരയാകും. ക്രിക്കറ്റ് മൈതാനത്തും ഫുട്‌ബോള്‍ മൈതാനത്തുമെല്ലാം ആളുകള്‍ അലറിവിളിക്കും. വര്‍ണവെറി ഇല്ലാതാക്കാന്‍ നിങ്ങള്‍ നേരിടേണ്ടത് സമൂഹത്തെയാണ്. ഈ സമൂഹത്തില്‍ നിന്നുള്ള ജനങ്ങളാണ് മൈതാനങ്ങളില്‍ പോയി വര്‍ണവെറി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും ആളുകളെ അധിക്ഷേപിക്കുന്നതും. അത്തരത്തിലുള്ള കാര്യങ്ങള്‍ സമൂഹത്തില്‍വെച്ചു തന്നെ നിങ്ങള്‍ക്ക് തടയാന്‍ സാധിക്കണം. വിവേചനം അംഗീകരിക്കാനാവില്ലെന്ന തിരിച്ചറിവ് സമൂഹത്തിനുള്ളില്‍ ഉണ്ടായിരിക്കണം. മൈതാനത്ത് പ്രവേശിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അവയാകട്ടെ 'മുറിവില്‍ പ്ലാസ്റ്ററിടുന്നത്' പോലെയാണ്. വര്‍ണവറി അംഗീരിക്കാനാകില്ലെന്ന് സമൂഹത്തിലെ ജനങ്ങള്‍ മനസിലാക്കണം. സമൂഹത്തില്‍ വെച്ചുതന്നെ നിങ്ങള്‍ അതിനെ നേരിട്ടാല്‍ പിന്നീടത് കായികരംഗത്തേക്ക് വ്യാപിക്കില്ല'', ഹോള്‍ഡിങ് വ്യക്തമാക്കി.

നേരത്തെ വര്‍ണവെറിക്കെതിരേ ലോകമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയും ക്രിസ് ഗെയ്‌ലും രംഗത്തെത്തിയിരുന്നു.

Content Highlights: Rules against racism in sports just plaster on sore says West Indies cricket great Michael Holding