വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര ന്യൂസീലന്‍ഡ് തൂത്തുവാരി. തിങ്കളാഴ്ച നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ 115 റണ്‍സിന് ജയിച്ചു. സ്‌കോര്‍: ന്യൂസീലന്‍ഡ് 50 ഓവറില്‍ നാലിന് 364; ശ്രീലങ്ക 41.4 ഓവറില്‍ 249-ന് പുറത്ത്.

റോസ് ടെയ്ലറുടെയും (137) ഹെന്റി നിക്കോള്‍സിന്റെയും (124) സെഞ്ചുറി മികവിലാണ് കിവീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ് 364 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ പോരാട്ടം 249 അവസാനിച്ചു. തിസാര പെരേര (80)യ്ക്ക് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. കിവീസിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ നാലും ഇഷ് സോധി മൂന്നും വിക്കറ്റ് വീഴ്ത്തി. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 107 എന്ന നിലയില്‍ ശക്തമായ നിലയിലായിരുന്നു ലങ്ക. എന്നാല്‍ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കൂടി ലങ്കയ്ക്ക് നഷ്ടമാവുകയായിരുന്നു.  

ന്യൂസീലന്‍ഡിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സായപ്പോള്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2), കോളിന്‍ മണ്‍റോ (21) എന്നിവരെ ലസിത് മലിംഗ തിരിച്ചയച്ചു. പിന്നീട് ഒത്തുച്ചേര്‍ന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (55) ടെയ്‌ലറും കിവീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 116 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വില്യംസണെ പുറത്താക്കി ലക്ഷന്‍ സന്ദാകന്‍ ലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീടായിരുന്നു നിക്കോള്‍സിന്റെയും ടെയ്‌ലറുടെയും ഒന്നൊന്നര കൂട്ടുകെട്ട്. ഇരുവരും 154 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ടെയ്‌ലറെ മലിംഗ മടക്കിയപ്പോള്‍ നിക്കോള്‍സ് പുറത്താവാതെ നിന്നു. മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Content Highlights: Ross Taylor, Henry Nicholls star in Nelson as Black Caps sweep Sri Lanka