വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാനിറങ്ങിയതോടെ ന്യൂസീലന്‍ഡ് താരം റോസ് ടെയ്ലര്‍ ഒരു അപൂര്‍വ റെക്കോഡിന് ഉടമമായി. വെല്ലിങ്ടണ്‍ ടെസ്റ്റ് താരത്തിന്റെ 100-ാം ടെസ്റ്റ് മത്സരമായിരുന്നു. ഇതോടെ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡും കിവീസ് താരത്തിന് സ്വന്തമായി. 

കിവീസിനായി 231 ഏകദിനങ്ങള്‍ കളിച്ച താരം കഴിഞ്ഞ മാസം ഇന്ത്യയ്‌ക്കെതിരെയാണ് 100-ാം ട്വന്റി 20 മത്സരം കളിച്ചത്. ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരെ തന്നെ 100-ാം ടെസ്റ്റും. ടെസ്റ്റിലും ഏകദിനത്തിലും കിവീസിനായി കൂടുതല്‍ റണ്‍സ് നേടിയ താരവും ടെയ്‌ലര്‍ തന്നെ.

2007-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആയിരുന്നു ടെയ്ലറുടെ ടെസ്റ്റ് അരങ്ങേറ്റം. രണ്ട് മത്സരങ്ങളില്‍ നിന്നായി 44 റണ്‍സ് മാത്രമാണ് അന്ന് ടെയ്ലര്‍ക്ക് സ്‌കോര്‍ ചെയ്യാനായത്. 35-ാം വയസില്‍ നൂറാം ടെസ്റ്റ് കളിക്കുമ്പോള്‍ 7174 റണ്‍സാണ് ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റില്‍ ടെയ്ലറുടെ സമ്പാദ്യം.

Content Highlights: Ross Taylor becomes first player to achieve huge milestone