വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ റോസ് ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ടെയ്‌ലര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

ന്യൂസീലന്‍ഡില്‍ വെച്ച് നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ടെയ്‌ലര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കും. പിന്നാലെ ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരേ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുത്ത ശേഷം ഏകദിനത്തില്‍ നിന്നും വിരമിക്കും. 

ന്യൂസീലന്‍ഡിന്റെ വിശ്വസ്ത ബാറ്ററായ ടെയ്‌ലര്‍ 16 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. 37 കാരനായ ടെയ്‌ലറുടെ അവസാന അന്താരാഷ്ട്ര മത്സരം ഏപ്രില്‍ നാലിന് ഹാമില്‍ട്ടണില്‍ വെച്ച് നടക്കും. 

ന്യൂസീലന്‍ഡിനുവേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സ് നേടിയ ടെയ്‌ലര്‍ 2006-ലാണ് ആദ്യമായി കിവീസ് കുപ്പായമണിഞ്ഞത്. ന്യൂസീലന്‍ഡിനുവേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഏഴായിരത്തിലധികം റണ്‍സ് നേടാന്‍ ടെയ്‌ലര്‍ക്ക് സാധിച്ചു. 

110 ടെസ്റ്റുകളില്‍ നിന്ന് 44.36 ശരാശരിയില്‍ 7585 റണ്‍സെടുത്ത ടെയ്‌ലര്‍ 19 സെഞ്ചുറികള്‍ നേടി. 290 ആണ് ഉയര്‍ന്ന സ്‌കോര്‍. 233 ഏകദിനങ്ങള്‍ കളിച്ച ടെയ്‌ലര്‍ 48.18 ശരാശരിയില്‍ 8576 റണ്‍സെടുത്തിട്ടുണ്ട്. 21 സെഞ്ചുറികളും നേടി. ന്യൂസീലന്‍ഡിനുവേണ്ടി ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയതും ടെയ്‌ലറാണ്. 181 ആണ് ഉയര്‍ന്ന സ്‌കോര്‍. 102 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1909 റണ്‍സ് നേടാനും ടെയ്‌ലര്‍ക്ക് സാധിച്ചു. 

Content Highlights: Ross Taylor announces decision to retire, home summer campaign to be his last for New Zealand