ബര്‍മിങ്ങാം: കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ച മത്സരത്തില്‍ തന്നെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇംഗ്ലീഷ് ഓപ്പണര്‍ റോറി ബേണ്‍സ്. ഒരു ടെസ്റ്റ് മത്സരത്തിലെ അഞ്ചു ദിവസവും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച താരമെന്ന അപൂര്‍വ നേട്ടമാണ് ബേണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഒരു ആഷസ് ടെസ്റ്റിന്റെ അഞ്ചു ദിവസവും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് താരമെന്ന നേട്ടവും ബേണ്‍സിന് സ്വന്തമായി. ജെഫ്രി ബോയ്‌ക്കോട്ടാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇംഗ്ലണ്ട് താരം. 1977-ലായിരുന്നു ജെഫ്രിയുടെ ഈ നേട്ടം. 

അതേസമയം ഒരു ടെസ്റ്റിന്റെ അഞ്ചു ദിവസവും ക്രീസിലിറങ്ങുന്ന നാലാമത്തെ ഇംഗ്ലണ്ട് താരവുമാണ് ബേണ്‍സ്. ജെഫ്രി ബോയ്‌ക്കോട്ടിനെ കൂടാതെ അല്ലന്‍ ലാമ്പ്, ആന്‍ഡ്രു ഫ്‌ളിന്റോഫ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റുള്ള ഇംഗ്ലീഷ് താരങ്ങള്‍.

രാജ്യാന്തര തലത്തിലെ കണക്കെടുത്താല്‍ ടെസ്റ്റിലെ അഞ്ചു ദിവസവും ബാറ്റിങ്ങിനിറങ്ങിയവരുടെ പട്ടികയില്‍ പത്താമനാണ് ബേണ്‍സ്. എം.എല്‍ ജയ്‌സിന്‍ഹ (1960), ജെഫ്രി ബോയ്‌ക്കോട്ട് (1977), കിം ഹ്യൂഗ്‌സ് (1980), അല്ലന്‍ ലാമ്പ് (1984), രവി ശാസ്ത്രി (1984), എ.എഫ്.ജി ഗ്രിഫിത്ത് (1999), ആന്‍ഡ്രു ഫ്‌ളിന്റോഫ് (2006), ആല്‍വിരോ പീറ്റേഴ്‌സണ്‍ (2012), ചേതേശ്വര്‍ പൂജാര (2017) എന്നിവരാണ് ബേണ്‍സിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 

ആദ്യ ആഷസ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആദ്യ ദിനം തന്നെ പുറത്തായെങ്കിലും കളി തീരാന്‍ ഏതാനും ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ഓപ്പണറായി എത്തിയ ബേണ്‍സ് ആദ്യ ദിനം ബാറ്റ് ചെയ്തു. രണ്ടാം ദിനം മുഴുവനായും ബാറ്റ് ചെയ്ത താരം സെഞ്ചുറി കുറിച്ച് (133) മൂന്നാം ദിനത്തിലാണ് പുറത്തായത്.

നാലാം ദിനത്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചതോടെ ബേണ്‍സ് വീണ്ടും ക്രീസിലെത്തി. പിന്നീട് അഞ്ചാം ദിനത്തിലാണ് താരം പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ 11 റണ്‍സ് മാത്രമെടുത്ത് അഞ്ചാം ദിനം തുടക്കത്തിലെ ബേണ്‍സ് പുറത്തായി.

അതേസമയം ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 251 റണ്‍സിന് തകര്‍ത്ത് ഓസീസ് പരമ്പരയില്‍ മുന്നിലെത്തി. അഞ്ചാം ദിനം രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഓസീസ് 146 റണ്‍സിന് എറിഞ്ഞിട്ടു. ആറു വിക്കറ്റു പിഴുത സ്പിന്നര്‍ നേഥന്‍ ലയണും നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ കഥകഴിച്ചത്.

Content Highlights: Rory Burns has joined cricketers to have batted on all 5 days of a Test