അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ടിവി അമ്പയറുടെ തീരുമാനങ്ങളില്‍ ഇംഗ്ലണ്ട് ടീമിന് അതൃപ്തി. ബുധനാഴ്ച നടന്ന ആദ്യ ദിവസത്തെ മത്സരത്തിനു ശേഷം ഇക്കാര്യം സംബന്ധിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും കോച്ച് ക്രിസ് സില്‍വര്‍വുഡും ഐ.സി.സി മാച്ച് റഫറി ജവഗല്‍ ശ്രീനാഥിനെ സമീപിച്ചു. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആദ്യ ദിനത്തിലെ ടിവി അമ്പയറുടെ രണ്ട് തീരുമാനങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നുവെന്നാണ് ഇംഗ്ലണ്ടിന്റെ ആരോപണം. ഈ രണ്ട് അവസരങ്ങളിലും ടിവി അമ്പയറുടെ തീരുമാനങ്ങള്‍ വളരെ വേഗത്തിലായിരുന്നുവെന്ന് റൂട്ടും സില്‍വര്‍വുഡും ചൂണ്ടിക്കാട്ടി.
സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തിലെ ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ചും രോഹിത് ശര്‍മയുടെ സ്റ്റമ്പിങ് അപ്പീലിലെ തീരുമാനവുമാണ് ഇംഗ്ലണ്ട് ചൂണ്ടിക്കാണിച്ചത്.
ഒന്നാം ദിനം ഇന്ത്യന്‍ ഇന്നിങ്‌സിനിടെ ബ്രോഡിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ സെക്കന്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്ക്‌സ് ക്യാച്ചെടുത്തിരുന്നു. ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ ഇക്കാര്യത്തില്‍ സംശയനിവാരണത്തിനായി ടിവി അമ്പയറെ സമീപിച്ചു. അമ്പയര്‍മാര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കിയത് ഔട്ടെന്നായതിനാല്‍ കൃത്യമായ തെളിവില്ലാതെ ഈ തീരുമാനം ടിവി അമ്പയര്‍ക്ക് മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ റീപ്ലേയില്‍ ഒരേ ഒരു ആംഗിള്‍ മാത്രം പരിശോധിച്ച ടിവി അമ്പയര്‍ സ്റ്റോക്ക്‌സ് ക്യാച്ച് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് വിധിക്കുകയായിരുന്നു.
മറ്റൊന്ന് രോഹിത്തിനെതിരായ സ്റ്റമ്പിങ് അപ്പീലായിരുന്നു. ഈ തീരുമാനത്തിലും ഒരേയൊരു ക്യാമറ ആംഗിള്‍ മാത്രം പരിശോധിച്ച ടിവി അമ്പയര്‍ സി. ഷംസുദ്ദീന്‍ പെട്ടെന്നു തന്നെ നോട്ടൗട്ട് വിധിക്കുകയായിരുന്നുവെന്നുമാണ് ഇംഗ്ലണ്ടിന്റെ ആരോപണം.
ഇതിനു മുമ്പ് ജാക്ക് ലീച്ചിനെ ചേതേശ്വര്‍ പൂജാര പുറത്താക്കിയ ക്യാച്ചില്‍ വിവിധ ക്യാമറ ആംഗിളുകള്‍ പരിശോധിച്ച ടിവി അമ്പയര്‍ ഔട്ട് വിധിച്ചിരുന്നു. ഇതും ഇംഗ്ലണ്ടിനെ അസ്വസ്ഥരാക്കിയെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Root and Silverwood speak to match referee over third umpire calls